വൻ തട്ടിപ്പെന്നാരോപിച്ച് യു.എസിന്റെ സാമൂഹിക സുരക്ഷാ-ആനുകൂല്യ പദ്ധതികൾ വെട്ടിക്കുറക്കാനൊരുങ്ങി മസ്‌ക്
text_fieldsവാഷിംങ്ടൺ: യു.എസ് ഫെഡറൽ ആനുകൂല്യ പദ്ധതികളെ വൻ തട്ടിപ്പുകൾ നിറഞ്ഞതെന്ന് വിശേഷിപ്പിച്ച് സാമൂഹിക സുരക്ഷാ പദ്ധതികളിൽ സർക്കാർ ചെലവുകൾ വെട്ടിക്കുറക്കാൻ ഒരുങ്ങി ഇലോൺ മസ്ക്.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉപദേശകനായ ശതകോടീശ്വരനായ മസ്ക്, ഈയിനത്തിൽ വകയിരുത്തുന്ന 500 ബില്യൺ മുതൽ 700 ബില്യൺ ഡോളർ വരെയുള്ള ‘വേസ്റ്റുകൾ’ വെട്ടിക്കുറക്കേണ്ടതുണ്ടെന്ന് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഫെഡറൽ ചെലവുകളിൽ ഭൂരിഭാഗവും അവകാശങ്ങൾക്കുവേണ്ടിയുള്ളതാണെന്നും അവ ഇല്ലാതാക്കേണ്ട വലിയ കാര്യമാണെന്നും മസ്‌ക് ‘ഫോക്സ് ബിസിനസ് നെറ്റ്‌വർക്കി’നോട് പറഞ്ഞു. അഭിമുഖം വിരമിച്ചവർക്കും ചിലതരം കുട്ടികൾക്കും പ്രതിമാസ ആനുകൂല്യങ്ങൾ നൽകുന്ന പ്രോഗ്രാമിനോടുള്ള മസ്കിന്റെ ആഴത്തിലുള്ള സംശയത്തിന്റെയും ശത്രുതയുടെയും ഉദാഹരണമായി.
ഫെഡറൽ ആനുകൂല്യങ്ങൾ കുറക്കാൻ മസ്‌ക് പദ്ധതിയിടുമ്പോൾ ജനപ്രിയ പദ്ധതിയെയും അമേരിക്കക്കാർക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങൾ ഇരുവശത്തുമുള്ള രാഷ്ട്രീയക്കാരെയും അസ്വസ്ഥരാക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും തൊഴിലാളികളെ പിരിച്ചുവിടുന്നതിനും പദ്ധതികൾ വെട്ടിക്കുറക്കുന്നതിനും തന്റെ ‘ചെയിൻസോ’ ഉപയോഗിച്ചുള്ള സമീപനത്തിന് അദ്ദേഹം ഇതിനകം തിരിച്ചടി നേരിടുന്നുണ്ട്.
2015 മുതൽ 2022 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 71.8 ബില്യൺ ഡോളറിന്റെ അനുചിതമായ പേയ്‌മെന്റുകൾ നടന്നതായും സാമൂഹിക സുരക്ഷാ ഡാറ്റാബേസിൽ ജീവിച്ചിരിക്കുന്നതായി അടയാളപ്പെടുത്തിയ 20 ദശലക്ഷം ആളുകൾ മരിച്ചുപോയവരാണെന്നും മസ്‌ക് പറഞ്ഞു. എന്നാൽ, മരിച്ചവർക്ക് വ്യാപകമായ ആനുകൂല്യങ്ങൾ നൽകുന്നുവെന്ന മസ്കിന്റെ വാദം ബന്ധപ്പെട്ട അധികൃതർ നിരസിച്ചു. ‘ഈ വ്യക്തികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല’ എന്ന് സാമൂഹ്യ സുരക്ഷാ ആക്ടിങ് കമീഷണർ ലീ ഡുഡെക് പറഞ്ഞു.
ട്രംപ് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളെ വെട്ടിക്കുറക്കലിൽ നിന്ന് സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മസ്‌ക് ഇതിനെ എക്കാലത്തെയും ‘വലിയ തട്ടിപ്പ് പദ്ധതി’യെന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ ഭരണകൂടം ഏജൻസിയുടെ ചില ഓഫിസുകൾ അടച്ചുപൂട്ടുകയും ചെയ്യുന്നു.
‘ഡെമോക്രാറ്റുകൾക്ക് അനധികൃത കുടിയേറ്റക്കാരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഫെഡറൽ അവകാശങ്ങൾ’ എന്ന് മസ്‌ക് അഭിമുഖത്തിൽ പറയുകയുണ്ടായി. അവർക്ക് പണം നൽകി ഇവിടെ വരാൻ അവസരം നൽകുകയും പിന്നീട് അവരെ വോട്ടർമാരാക്കി മാറ്റുകയും ചെയ്യുന്നു. രാജ്യത്തിന്റെ വംശീയ ജനസംഖ്യാശാസ്‌ത്രം പുനഃർനിർമിച്ചുകൊണ്ട് രാഷ്ട്രീയക്കാർ തങ്ങളുടെ അധികാരം വികസിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിദ്ധാന്തത്തിന്റെ പ്രതിധ്വനിയാണ് ഈ ആരോപണമെന്ന് വിമർശകർ പറയുന്നു.
വൈറ്റ് ഹൗസ് കോംപ്ലക്സിൽ വെച്ചാണ് ‘ഫോക്സ് ബിസിനസു’മായുള്ള അഭിമുഖം നടന്നത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ലാറി കുഡ്‌ലോ ആണ് ഇത് നടത്തിയത്. ട്രംപിന്റെ ഭരണകൂടത്തിൽ ചേർന്നതിനുശേഷം മസ്‌ക് പരസ്യമായി സംസാരിച്ചിട്ടില്ല. അതിനു പകരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ ബോധവൽക്കരണമെന്ന നിലയിൽ പലതും അവതരിപ്പിക്കുകയാണ് ചെയ്തത്. ‘എക്‌സ്’ ഭൂമിയിലെ വാർത്തകളുടെ പ്രധാന ഉറവിടം ആണെന്ന് അഭിമുഖത്തിൽ മസ്ക് വീമ്പിളക്കി. കൂടാതെ, മുൻ യുദ്ധവിമാന പൈലറ്റും ബഹിരാകാശയാത്രികനും അരിസോണ ഡെമോക്രാറ്റിക് സെനറ്ററുമായ മാർക്ക് കെല്ലിയെ യുക്രെയ്ൻ സന്ദർശിച്ചതിന് രാജ്യദ്രോഹിയെന്നും മസ്ക് വിശേഷിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.