കുട്ടിക്കാലത്ത് സഹപാഠികൾ മസ്കിനെ ക്രൂരമായി മർദിച്ചു; സ്കൂൾ പോലും മാറേണ്ടി വന്നു -ഇലോൺ മസ്കിന്റെ ബാല്യകാലത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പുസ്തകം
text_fieldsചുറ്റുമുള്ള ആളുകളോട് കോപാകുലനായി പെരുമാറുന്ന വ്യക്തി എന്നാണ് പലപ്പോഴും ഇലോൺ മസ്കിനെ വിശേഷിപ്പിക്കാറുള്ളത്. കടുത്ത ഈഗോ ഉള്ള മനുഷ്യനായും മസ്കിനെ വിലയിരുത്താറുണ്ട്. ഇപ്പോൾ ഇട്ടുമൂടാനുള്ള സ്വത്ത് ഉണ്ടെങ്കിലും മസ്ക് ഒരിക്കലും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനായിരുന്നില്ല. കുട്ടിക്കാലത്ത് വളരെയധികം ദുരനുഭവങ്ങൾ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും മസ്കിനെ കുറിച്ച് വാൾട്ടർ ഇസ്ഹാഖ്സൺ എഴുതിയ പുസ്തകത്തിൽ വിവരിക്കുന്നു.
ചൊവ്വാഴ്ചയാണ് വാൾട്ടർ ഇസ്ഹാഖ്സൺ എഴുതിയ ഇലോൺ മസ്ക് എന്ന പുസ്തകം റിലീസ് ചെയ്തത്. മസ്കിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള നിരവധി വിവരങ്ങൾ പുസ്തകത്തിലുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നു മസ്കിന്റെ ബാല്യം. അവിടെ സ്കൂളിൽ പഠിക്കുന്നതിനിടെ സഹപാഠികളിൽ നിന്ന് ഒട്ടേറെ വിവേചനങ്ങൾ നേരിടേണ്ടി വന്നു. ആൺകുട്ടികളിൽ ക്ലാസിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതുമായ കുട്ടിയായിരുന്നു മസ്ക്. അതിനാൽ മറ്റ് കുട്ടികൾ എപ്പോഴും ആക്രമിച്ചു. ചെറിയ കുട്ടിയാണെന്ന സഹാനുഭൂതി പോലും കാണിച്ചില്ല.
ഒരിക്കൽ സ്കൂളിൽ വെച്ച് കടുത്ത ആക്രമണത്തിനിരയായ മസ്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആക്രമണങ്ങൾ നിത്യ സംഭവമായപ്പോൾ അദ്ദേഹത്തിന് ആ സ്കൂൾ ഒഴിവാക്കേണ്ടി വന്നു. മനസിനേറ്റ മുറിവുകളുണക്കാൻ ഏറെ കാലം വേണ്ടിവന്നു. അതുപോലെ മുഖത്തും മൂക്കിനുമേറ്റ ക്ഷതങ്ങൾ ഒഴിവാക്കാൻ ശസ്ത്രക്രിയയും വേണ്ടിവന്നു.
''മറ്റ് കുട്ടികൾ അവന്റെ മേൽ ഇരുന്നു. അവന്റെ തലയിൽ ചവിട്ടുകയും ചെയ്തു. മർദനം കഴിഞ്ഞപ്പോൾഎനിക്ക് അവന്റെ മുഖം പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. വീർത്ത മാംസക്കഷണം പോലെ തോന്നി അവന്റെ മുഖം. കണ്ണുകൾ പോലും കാണുന്നുണ്ടായിരുന്നില്ല.''-ആ ദിനങ്ങളെ കുറിച്ച് എലോൺ മസ്‌കിന്റെ ഇളയ സഹോദരൻ കിംബൽ ഓർമിക്കുന്നു.
ഈ സംഭവം പിതാവുമായുള്ള മസ്കിന്റെ ബന്ധത്തിലും വിള്ളലുണ്ടാക്കി. വീട്ടിൽ വളർത്തിയിരുന്ന പട്ടിയും ഒരിക്കൽ മസ്കിനെ കടിച്ചു. അന്ന് ആറുവയസായിരുന്നു മസ്കിന്റെ പ്രായം. ഇതിന്റെ പേരിൽ പട്ടിയെ ശിക്ഷിക്കാനൊന്നും മസ്ക് മിനക്കെട്ടില്ല. എന്നാൽ കുടുംബം പട്ടിയെ വെടിവെച്ചുകൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.