44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങില്ലെന്ന് സൂചന നൽകി ഇലോൺ മസ്ക്
text_fieldsവാഷിങ്ടൺ: 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങില്ലെന്ന് സൂചന നൽകി ശതകോടിശ്വരനും ടെസ്ല സി.ഇ.ഒയുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ 229 ദശലക്ഷം അക്കൗണ്ടുകളിൽ 20 ശതമാനമെങ്കിലും സ്പാം ബോട്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. വ്യാജ അക്കൗണ്ടുകൾക്കും ബോട്ടുകൾക്കുമെതിരെ ട്വിറ്റർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സി.ഇ.ഒ പരാഗ് അഗർവാൾ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മസ്കിന്‍റെ പ്രതികരണം.
വിവാദങ്ങളെ തുടർന്ന് ട്വിറ്റർ ഓഹരികൾ തിങ്കളാഴ്ച 8 ശതമാനം ഇടിഞ്ഞ് 37.39 ഡോളറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ എപ്രിൽ 14നാണ് ഒരു ഷെയറിന് 54.20 ഡോളർ നിരക്കിൽ ട്വിറ്റർ വാങ്ങുന്നതിനെ കുറിച്ച് മസ്‌ക് പരസ്യപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച നിരവധി വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയതിനാൽ ട്വിറ്റർ വാങ്ങാനുള്ള പദ്ധതി താൽക്കാലികമായി നിർത്തിവച്ചതായി മസ്‌ക് പ്രഖ്യാപിച്ചു.
അതേസമയം ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണുള്ളതെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് പരാഗ് അഗർവാൾ വ്യക്തമാക്കി.
ടെസ്‌ല സ്റ്റോക്കിന്റെ മൂല്യത്തിലുണ്ടായ വൻ ഇടിവ് കാരണം ട്വിറ്റർ ഇടപാടിൽ നിന്ന് പുറത്ത് കടക്കാന്‍ മസ്ക് ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനാണ് മുടന്തന്‍ ന്യായങ്ങൾ ഉന്നയിക്കുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ ചിലർ കുറഞ്ഞവിലക്ക് ട്വിറ്റർ ലഭിക്കാനുള്ള മസ്കിന്‍റെ തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.