ഇലോൺ മസ്കിന് പുടിനുമായി അടുത്ത സൗഹൃദമെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ ശക്തനായ അനുയായിയും വ്യവസായിയുമായ ഇലോൺ മസ്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അടുത്ത സൗഹൃദം പുലർത്തുന്നതായി റിപ്പോർട്ട്. മസ്കും പുടിനും രണ്ടു വർഷമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായി മുൻ യു.എസ്, യൂറോപ്യൻ, റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ പത്രമാണ് വാർത്ത പുറത്തുവിട്ടത്. വ്യക്തിപരമായ കാര്യങ്ങളും ആഗോള രാഷ്ട്രീയ സംഭവങ്ങളടക്കം ഇരുവരും ചർച്ച ചെയ്യാറുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങിന്റെ താൽപര്യം പരിഗണിച്ച് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം തായ്വാന് നൽകരുതെന്ന് പുടിൻ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ടിനെക്കുറിച്ച് മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ബഹിരാകാശ പദ്ധതിയെയും പുതിയ സാങ്കേതിക വിദ്യയെയും കുറിച്ച് ഒരു തവണ ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി റഷ്യൻ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യു.എസ് ബഹിരാകാശ പദ്ധതികളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന സ്പേസ് എക്സിന്റെ ഉടമ കൂടിയായ മസ്കിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സൂചന. യു.എസിന്റെ സുരക്ഷ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന സ്പേസ് എക്സിന് പുറമെ, മസ്കിന്റെ സ്റ്റാർലിങ്ക് യുക്രെയ്ൻ യുദ്ധത്തിൽ നിർണായക സേവനമാണ് നൽകുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, പ്രചാരണത്തിന് കോടിക്കണക്കിന് ഡോളർ മുടക്കിയ മസ്കിന് യു.എസ് ഭരണകൂടത്തിൽ സുപ്രധാന പദവി നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രചാരണത്തിൽ സജീവ പങ്കാളി കൂടിയായിരുന്നു മസ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.