അറസ്റ്റുണ്ടായാൽ 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ചരിത്ര വിജയം നേടുമെന്ന് ഇലോൺ മസ്ക്
text_fieldsന്യൂയോർക്: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന് ഇലോൺ മസ്ക്. അടുത്താഴ്ച ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു മസ്ക്. ''അറസ്റ്റ് സംഭവിച്ചാൽ ഉറപ്പായും ട്രംപ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടും.''-എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് താൻ ജയിലിലടക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണമെന്നും ട്രംപ് കുറിച്ചു.
മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് പറയുന്നു. ചോർന്നുകിട്ടിയതാണ് ഈ വിവരം. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന് 1,30,000 ഡോളർ (ഏകദേശം 1.07 കോടി രൂപ) നൽകിയ സംഭവത്തിൽ ട്രംപിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി അന്വേഷണം നടക്കുന്നുണ്ട്. ട്രംപ് സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പുസമയത്ത് ഇവർ ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പ്രചാരണ ഫണ്ടില് നിന്ന് പണം നല്കി വായടപ്പിച്ചതായുമാണ് ആരോപണം. ഇക്കാര്യത്തിൽ, പണം നൽകിയിരുന്നുവെന്ന് പിന്നീട് സമ്മതിച്ച ട്രംപ് അത് പ്രചാരണഫണ്ടിൽ നിന്നല്ല എന്നാണ് അവകാശപ്പെട്ടത്.
മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് ട്രംപ് സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ൽ ഒരു ഗോൾഫ് മൽസരത്തിനിടെയായിരുന്നു ഇത്. തുടർന്ന് 2016ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എ.ബി.സി ന്യൂസി’നോടു സംസാരിക്കാൻ സ്റ്റോമി ഡാനിയേൽ തയാറായി. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകൻ മിഷേൽ കോഹെൻ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സൺ വഴി പണം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.