ചെലവ് കുറക്കണമെന്ന് ഇലോൺ മസ്ക്; ടെസ്‌ല കവചിത വാഹനങ്ങൾക്ക് 400 മില്യൺ ഡോളർ ചെലവഴിക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്
text_fieldsവാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന് കീഴിൽ ചെലവുകൾ വെട്ടിക്കുറക്കാൻ ഇലോൺ മസ്ക് ഒരു വശത്ത് ശ്രമം നടത്തുമ്പോൾ മറുവശത്ത് മസ്കിന്റെ തന്നെ കവചിത വാഹനങ്ങൾ വാങ്ങാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വൻതുക ചെലവഴിക്കാൻ തയാറാകുന്നതായി റിപ്പോർട്ട്. വകുപ്പ് പുറത്തിറക്കിയ പ്രതീക്ഷിത ചെലവുകളുടെ റിപ്പോർട്ടിലാണ് ആയുധവൽക്കരിച്ച ടെസ്‌ല വാഹനങ്ങൾ വാങ്ങുന്നതിനായി 400 മില്യൺ ഡോളർ വകയിരുത്തുന്നതിനുള്ള തീരുമാനം ഉള്ളത്. ബുള്ളറ്റ് പ്രൂഫെന്ന് മസ്ക് അവകാശപ്പെടുന്ന സൈബർ ട്രക്കുകളും ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് പിക്അപ്പുകളുമാണ് ഡിപ്പാർട്ട്മെന്റ് വാങ്ങാൻ ഉദ്ദേശിക്കുന്നത്.
പുതിയ വെളിപ്പെടുത്തലിലൂടെ യു.എസ് ഗവൺമെന്റ് കരാറുകളെ തന്‍റെ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇലോൺ മസ്കിന്റെ പ്രവണത കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. മസ്കിന്റെ 383 ബില്യൺ ഡോളർ സമ്പത്തിന്‍റെ ഭൂരിഭാഗവും ടെസ്‌ലയുടെ ഓഹരിയാണ്. അദ്ദേഹത്തിന്റെ സ്പേസ് എക്സ് കമ്പനിയാണ് യു.എസ് സർക്കാറിന്റെ ബഹിരാകാശ വിക്ഷേപണ സംവിധാനങ്ങൾ ഒരുക്കുന്ന സുപ്രധാന കരാറിലേർപ്പെട്ടിരിക്കുന്നത്.
ട്രംപിന്റെ കാര്യക്ഷമതാ ഡിപ്പാർട്ട്മെന്റിന്റെ തലവനായി ട്രംപ് മസ്കിനെ തന്നെയാണ് നിയമിച്ചിരിക്കുന്നത്. അനാവശ്യ ചെലവ് വരുത്തുന്നുവെന്നാരോപിച്ച് പല വകുപ്പുകളും മസ്ക് ഒഴിവാക്കി. ഈ നടപടിക്കെതിരെ ഭരണഘടനാ വിരുദ്ധമെന്ന വിമർശനങ്ങൾ ഉയർന്നു വരുകയും ചെയ്തിരുന്നു.
സെപ്റ്റംബറോടുകൂടി ടെസ്‌ലക്ക് കരാർ നൽകാനാണ് സ്റ്റേറ്റ് ഫോർകാസ്റ്റ് ഡിപ്പാർട്ട്മെന്റിന്‍റെ നിർദേശം. ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഒന്ന് 2024 ഡിസംബർ 13ന് അവസാനിച്ച ടെസ്‌ലയുമായുള്ള കരാറിനെക്കുറിച്ചുള്ളതും മറ്റൊന്ന് കരാറിന്‍റെ പുതിയ രൂപവുമാണ്. ‘ടെസ്‌ല’ എന്ന പേര് നീക്കി, ബ്രാൻഡിന്‍റെ പേര് പരാമർശിക്കാതെ കവചിത വാഹനം വാങ്ങുമെന്നാണ് പറഞ്ഞിട്ടുള്ളത്. യു.എസ് ഗവൺമെന്റ് പതിവായി കവചിത വാഹനങ്ങൾ വാങ്ങാറുണ്ട്. ഇതേരേഖകളിൽ തന്നെയാണ് കവചിത സെഡാൻ, കവചിത ഇ.വി, കവചിത ബി.എം.ഡബ്ല്യു എക്സ് 5/ എക്സ് 7 എന്നിവ വാങ്ങുന്നതിനുള്ള തീരുമാനവും ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ടെസ്‌ലയുടെയും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്‍റെയും മറുപടിയാണ് ഇനി വരേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.