'സ്റ്റാർലിങ്ക് ഓഫ് ചെയ്താൽ യുക്രൈനിന്‍റെ മുഴുവൻ പ്രതിരോധനിരയും തകരും'; സെലൻസ്കിക്ക് മുന്നറിയിപ്പുമായി മസ്‌ക്
text_fieldsവാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിക്ക് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. തന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ സംവിധാനം ഓഫ് ചെയ്താൽ യുക്രൈനിന്‍റെ മുഴുവൻ പ്രതിരോധനിരയും തകരുമെന്ന് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രൈനിന്‍റെ ഫിക്‌സഡ്-ലൈൻ, മൊബൈൽ നെറ്റ്‌വർക്കുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതിനുശേഷം ആശയവിനിമയം നിലനിർത്തുന്നതിന് മസ്‌കിന്റെ സ്റ്റാർലിങ്ക് ആശയവിനിമയ സംവിധാനം അത്യാവശ്യമാണ്. 2022 ലാണ് യുക്രൈന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് രാജ്യത്ത് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്.
'യുക്രൈനെതിരായ പോരാട്ടത്തില്‍ താന്‍ പുടിനെ വെല്ലുവിളിച്ചു. യുക്രൈന്‍ സൈന്യത്തിന്റെ നട്ടെല്ലാണ് എന്റെ സ്റ്റാര്‍ലിങ്ക് സംവിധാനം. ഞാനത് നിര്‍ത്തിവെച്ചാല്‍ അവരുടെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയും.' മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ഇതിന് മുമ്പും സെലന്‍സ്‌കിക്കെതിരെ മസ്‌ക് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരിക്കലും അവസാനിക്കാത്ത യുദ്ധമാണ് സെലന്‍സ്‌കി ആഗ്രഹിക്കുന്നതെന്നും അത് ഹീനമാണെന്നും മാര്‍ച്ച് മൂന്നിന് പങ്കുവെച്ച ഒരു പോസ്റ്റില്‍ മസ്‌ക് പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ പല മേഖലകളിലും പരമ്പരാഗത ഇന്റര്‍നെറ്റ് ശൃംഖലകള്‍ യുദ്ധത്തില്‍ തകരാറിലായതോടെയാണ് യുക്രൈനില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് എത്തിച്ചത്. അമേരിക്കന്‍ ഭരണകൂടമാണ് ഇതിന് വേണ്ടിയുള്ള സാമ്പത്തിക പിന്തുണ നല്‍കിയത്.യുക്രൈനെ തകര്‍ക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തെ തടസപ്പെടുത്താനും ഹാക്ക് ചെയ്യാനും അന്ന് റഷ്യ ശ്രമിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.