ഗോൾഡൻ ഗ്ലോബിൽ എമിലിയ പെരെസ് മികച്ച ചിത്രം; ഇന്ത്യക്ക് നിരാശ
text_fieldsകാലിഫോർണിയ: 82ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയില്‍ ഇന്ത്യയുടെ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റി’നെ പിന്തള്ളി ഫ്രഞ്ച് ചിത്രം ‘എമിലിയ പെരെസ്’ മികച്ച വിദേശഭാഷ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദി ബ്രൂട്ടലിസ്റ്റിന്റെ ബ്രാഡി കോർബെറ്റാണ് മികച്ച സംവിധായകൻ. ഡ്രാമ വിഭാഗത്തിലെ മികച്ച സിനിമയും ദി ബ്രൂട്ടലിസ്റ്റാണ്. ഹോളോകോസ്റ്റ് അതിജീവിച്ച് യു.എസിലെത്തി ആർകിടെക്ടായി മാറുന്ന ജൂതന്റെ ജീവിതം പറയുന്ന ചിത്രമാണിത്. മികച്ച നടനും ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരമാണ് ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ച എമിലിയ പെരെസ് നാലു പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച മ്യൂസിക്കൽ, കോമഡി സിനിമ, വിദേശഭാഷ ചിത്രം, സഹനടി, ഗാനം തുടങ്ങിയ ഗോൾഡൻ ഗ്ലോബുകളാണ് ഈ ചിത്രം നേടിയത്. മെക്സികോയിലെ നാലു സ്ത്രീകളുടെ കഥ വെള്ളിത്തിരിയിലെത്തിച്ച എമിലിയ പെരെസാണ് ഓസ്കറിലേക്കുള്ള ഫ്രാൻസിന്റെ ഔദ്യോഗിക എൻട്രി.
ഐ ആം സ്റ്റിൽ ദേർ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രസീലിയൻ നടി ഫെർണാണ്ട ടോറസ് മികച്ച നടിയായി. ആഞ്ജലീന ജോളിയെയും നിക്കോള്‍ കിഡ്മാനെയും കേറ്റ് വിന്‍സ്ലെറ്റിനെയും പമേല ആന്‍ഡേഴ്സണെയും പിന്തള്ളിയാണ് 59കാരിയായ ഫെർണാണ്ട നേട്ടം കൈവരിച്ചത്.
ദി ബ്രൂട്ടലിസ്റ്റിലെ ആഡ്രിയൻ ബ്രോഡിയാണ് മികച്ച നടൻ. ദി പിയാനിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് നഷ്ടപ്പെട്ട ഗോൾഡൻ ഗ്ലോബാണ് ആൻഡ്രിയൻ ബ്രൂട്ടലിസ്റ്റിലൂടെ തിരിച്ചുപിടിച്ചത്. മ്യൂസിക്കൽ, കോമഡി വിഭാഗത്തിൽ ഡെമി മൂറെ (ദി സബ്സ്റ്റൻസ്) മികച്ച നടിക്കും സെബാസ്റ്റ്യൻ സ്റ്റാൻ (എ ഡിഫ്രന്റ് മാൻ) മികച്ച നടനുമുള്ള ഗോൾഡൻ ഗ്ലോബ് കരസ്ഥമാക്കി. ‘കോൺക്ലേവ്’ ചിത്രത്തിനുവേണ്ടി തിരക്കഥ രചിച്ച പീറ്റർ സ്ട്രോഗനാണ് മികച്ച തിരക്കഥകൃത്ത്. മികച്ച ആനിമേഷൻ ചിത്രമായി ജിന്റ്സ് ഗിൽബലോഡിസ് സംവിധാനം ചെയ്ത ‘ഫ്ലോ’ തിരഞ്ഞെടുക്കപ്പെട്ടു. ഷോഗന്‍ മികച്ച ടെലിവിഷന്‍ സീരിസ് ആയപ്പോള്‍ റെയ്ന്‍ഡീര്‍ ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ ഗോള്‍ഡന്‍ ഗ്ലോബും നേടി.
മികച്ച സിനിമ, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിലാണ് ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ സിനിമക്ക് നാമനിർദേശം ലഭിച്ചിരുന്നത്. സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ് പായല്‍ കപാഡിയ. എഡ്വേര്‍ഡ് ബെര്‍ഗര്‍, ബ്രാഡി കോര്‍ബറ്റ്, കോറാല് ഫാര്‍ഗീറ്റ്, ജാക്വിസ് ഓഡിയാര്ഡിനോടുമാണ് പായല്‍ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.