റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ
text_fieldsപാരിസ്: പ്രഭാഷണ പരിപാടിക്കിടെ അമേരിക്കയിൽ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസ് സൽമാൻ റുഷ്ദിക്കൊപ്പം നിൽക്കുന്നതായി മാക്രോൺ അറിയിച്ചു. അക്രമം ഭീരുത്വപരമാണെന്ന് മാക്രോൺ പ്രതികരിച്ചു.
33 വർഷമായി സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പിന്തിരിപ്പിക്കലുകൾക്കെതിരെയും റുഷ്ദി പോരാടുകയാണ്. വെറുപ്പ് നിറഞ്ഞവരിൽ നിന്നുള്ള ഭീരുത്വപരമായ ആക്രമണത്തിനാണ് അദ്ദേഹം ഇരയായത്. അദ്ദേഹത്തിന്‍റെ പോരാട്ടങ്ങൾ നമ്മളുടേത് കൂടിയാണ് -മാക്രോൺ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച അമേരിക്കയിൽ നടന്ന സാഹിത്യ പരിപാടിക്കിടെ സദസ്സിലുണ്ടായിരുന്ന 24കാരൻ വേദിയിലെത്തി റുഷ്ദിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് ആക്രമം ഉണ്ടായത്.
1981ൽ പുറത്തിറങ്ങിയ 'മിഡ്നൈറ്റ്സ് ചിൽഡ്രൺ' എന്ന നോവലിലൂടെ പ്രശസ്തിയാർജിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരനാണ് റുഷ്ദി. 1988ൽ പ്രസിദ്ധീകരിച്ച 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകമാണ് കോളിളക്കം സൃഷ്ടിച്ചത്. പാകിസ്താൻ, സൗദി അറേബ്യ, കെനിയ, തായിലൻഡ്, താൻസാനിയ, ഇന്തോനേഷ്യ, സിംഗപ്പൂർ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ പുസ്തകം നിരോധിച്ചു. ഇറങ്ങി ഒമ്പത് ദിവസത്തിനകം ഇന്ത്യയിലും പുസ്തകം നിരോധിച്ചു.
1989ൽ ഇറാൻ പരമോന്നത് നേതാവ് ആയത്തുല്ല ഖാംനഈ റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യു.എസ് ഡോളർ ഇനാം പ്രഖ്യാപിച്ചു. 1990 ഡിസംബർ 24-ന് റുഷ്ദി പരസ്യമായി ക്ഷമാപണം നടത്തി. പിന്നീട് 1998ൽ റുഷ്ദിക്കെതിരായ വധശിക്ഷ ആഹ്വാനം ഇറാൻ ഔദ്യോഗികമായി പിൻവലിച്ചു.
ഏറെക്കാലം ഒളിവിൽ കഴിഞ്ഞ റുഷ്ദി, 2000 മുതൽ അമേരിക്കയിലാണ് താമസം. പുസ്തകത്തിനെതിരെ പലയിടത്തായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ശമിച്ചെങ്കിലും 'ദ സാത്താനിക് വേഴ്സസ്' ഇന്നും ചർച്ചാവിഷയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.