ഇന്ത്യയുമായി ചർച്ചകൾ പുന:രാരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഇംറാൻ ഖാൻ
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പാക് റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് നരേന്ദ്ര മോദി ഇംറാൻ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാൻ അയച്ചത്.
പാക് ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇംറാന്‍ ഖാൻ മറുപടി കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ കത്തിലെഴുതി.
ജമ്മു കശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചാണ് കത്ത്.
ജമ്മു കശ്മീരിനെ ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേർന്നതിന് നരേന്ദ്ര മോദിയോട് ഇംറാന്‍ ഖാൻ നന്ദിയും അറിയിച്ചു.
ആണവ - സായുധ മേഖലകളില്‍ സമാധാനപരമായ സഹകരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 23ന് പാകിസ്താന് കത്തയച്ചിരുന്നത്. പരസ്പര വിശ്വാസ്യതയും തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികള്‍ സൃഷ്ടിക്കണമെന്നും ഇംറാന്‍ ഖാന് അയച്ച കത്തില്‍ മോദി ആവശ്യപ്പെട്ടിരുന്നു.
2016ൽ പത്താൻകോട്ടിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് ചർച്ചകൾ വഴിമുട്ടിയത്. ഉറി, പുൽവാമ ആക്രമണം ഉൾപ്പെടെ പിന്നീടുണ്ടായ ഭീകരാക്രമണങ്ങൾ സാഹചര്യം വഷളാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.