ഊർജ്ജ പ്രതിസന്ധി: യുക്രെയ്നിൽ വൈദ്യുതിക്ക് നിയന്ത്രണം
text_fieldsകിയവ്: ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കൽ റഷ്യ യുദ്ധതന്ത്രമാക്കിയതോടെ കടുത്ത ഊർജ്ജപ്രതിസന്ധി നേരിടുന്ന യുക്രെയ്ൻ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ രാത്രി 11വരെ വൈദ്യുതി വിതരണം ഉണ്ടായില്ല.
രാജ്യത്ത് നൂറുകണക്കിന് ഗ്രാമങ്ങളും നഗരങ്ങളും ഇരുട്ടിലായിട്ടുണ്ട്. ഒക്ടോബർ പത്തുമുതൽ 30 ശതമാനം പവർ സ്റ്റേഷനുകൾ നശിപ്പിക്കപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞിരുന്നു. ബുധനാഴ്ച മാത്രം മൂന്ന് പവർ സ്റ്റേഷനുകൾ ബോംബിട്ട് തകർത്തു. രാജ്യത്തിന്റെ ഊർജ്ജ സംവിധാനം നിലനിർത്താൻ എല്ലാവരും വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്നും ചെറിയ ഊർജ്ജ സംരക്ഷണം പോലും വിലപ്പെട്ടതാണെന്നും കിയവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ പറഞ്ഞു. എൽവിവ് നഗരത്തിലെ വൈദ്യുതി അടിസ്ഥാന സൗകര്യം പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
അതിനിടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പോരാട്ടം നടക്കുകയാണ്. റഷ്യൻ നിയന്ത്രണത്തിലായിരുന്ന ഭാഗങ്ങളിൽ കനത്ത പ്രത്യാക്രമണമാണ് യുക്രെയ്ൻ സേന നടത്തുന്നത്. ഖേഴ്സണിൽനിന്ന് റഷ്യൻസേന പിന്മാറുന്നതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വിഡിയോ കോൺഫറൻസ് വഴി സംബന്ധിച്ചു. യുക്രെയ്നെ ഏതൊക്കെ രീതിയിൽ പിന്തുണക്കാം എന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.