ഇസ്രായേൽ വോട്ടർമാരുടെ വിവരങ്ങൾ വീണ്ടും ചോർത്തി ഹാക്കർമാർ
text_fieldsതെൽ അവീവ്: ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. വോട്ടവകാശമുള്ളവരുടെ പേരുകൾ, ഐ.ഡി നമ്പർ, പോളിങ് ബൂത്ത് അടക്കമുള്ള വിവരങ്ങളാണ് ഹാക്കർമാർ ചോർത്തി പുറത്തുവിട്ടത്.
വോട്ടവകാശമുള്ള 65 ലക്ഷം ഇസ്രായേലികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന 250 മെഗാബൈറ്റ് സ്പ്രെഡ്സ്ഷീറ്റും 60 ലക്ഷം പേരുടെ പേരും മേൽവിലാസവും ഐ.ഡി നമ്പരും മറ്റ് വിവരങ്ങളും ആണ് ചോർന്നത്. കഴിഞ്ഞ വർഷവും സമാനരീതിയിൽ വോട്ടർമാരുടെ വിവരങ്ങൾ ചോർന്നിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങൾ ചോർന്നത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധത്തിന് വഴിവെച്ചു.
രാഷ്ട്രീയപാർട്ടികൾ പ്രത്യേക ആപ്ലിക്കേഷനിലെ വിവരങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് ഡാറ്റകൾ ചോർത്തിയതെന്ന് ഹാക്കർമാർ പറയുന്നു. അധികൃതർ ഡേറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നില്ലെന്ന് തെളിഞ്ഞു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ഡേറ്റകൾ ചോർത്തുന്നത് തടയാൻ സർക്കാറിന് സാധിക്കാത്തതെന്നും ഹാക്കർമാർ പറയുന്നു.
രണ്ട് വർഷത്തിനിടെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പിനെയാണ് ഇസ്രായേൽ ജനത അഭിമുഖീകരിക്കുന്നത്. 2019 ഏപ്രിൽ, സെപ്റ്റംബർ, 2020 മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് പ്രധാനമന്ത്രി നെതന്യാഹു തെൻറ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്സുമായി ചേർന്ന് സഖ്യസർക്കാറിന് രൂപം നൽകുകയായിരുന്നു.
ആദ്യത്തെ ഒന്നര വർഷം നെതന്യാഹുവും തുടർന്നുള്ള ഒന്നര വർഷം ബെന്നി ഗാന്റ്സും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാർ. ഇത് പ്രകാരം 2021 നവംബറിൽ ബെന്നി ഗാന്റ്സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സർക്കാർ നിലംപതിച്ചത്.
അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്. ജീവിത ചെലവ് ക്രമാധീതമായി വർധിച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്കും പ്രസിഡന്‍റ് റുവെൻ റിവ് ലിന്‍റെ വസതിക്കും മുമ്പിൽ ജനം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.