ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തെ അംഗീകരിക്കുമെന്ന സൂചന നൽകി ഉർദുഗാൻ
text_fieldsഅങ്കാറ: നാറ്റോ സഖ്യത്തിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷ ഉടൻ അംഗീകരിച്ചേക്കുമെന്ന് സൂചന നൽകി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ സന്ദർശനം നടത്താനിരിക്കെയാണ് ഉർദുഗാന്റെ പ്രതികരണം. ‘പ്രക്രിയ എന്തുതന്നെയായാലും ഞങ്ങൾ ഞങ്ങളുടെ ഭാഗം പൂർത്തിയാക്കും. ഞങ്ങൾ വാഗ്ദാനം പാലിക്കും. വെള്ളിയാഴ്ച പ്രസിഡന്റിനെ കാണുകയും ഞങ്ങൾ നൽകിയ വാഗ്ദാനം നിറവേറ്റുകയും ചെയ്യും’- ഉർദുഗാൻ പറഞ്ഞു.
ഒരു വർഷം മുമ്പ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പരിഭ്രാന്തരായാണ് ഫിൻലൻഡും സ്വീഡനും സഖ്യത്തിൽ ചേരാൻ അപേക്ഷിച്ചത്. 30 നാറ്റോ അംഗരാജ്യങ്ങളിൽ 28 പേർ പിന്തുണച്ചെങ്കിലും തുർക്കിയയും ഹംഗറിയും എതിർത്തു. കുർദിഷ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവയോട് സ്വീഡന്റെ മൃദുസമീപനമാണ് തുർക്കിയയുടെ കടുത്ത എതിർപ്പിന് കാരണം. തുർക്കിയ എംബസിക്ക് പുറത്ത് ഖുർആൻ കത്തിച്ച ഇസ്ലാം വിരുദ്ധ പ്രവർത്തകന്റെ പ്രതിഷേധമുൾപ്പെടെ സ്വീഡനിലെ പ്രകടനങ്ങളുടെ പരമ്പര തുർക്കിയയെ ചൊടിപ്പിച്ചു. എന്നാൽ ഫിൻലൻഡിന്റെ അംഗത്വ നീക്കത്തോട് എതിർപ്പില്ല. ബുധനാഴ്ച ബെർലിൻ സന്ദർശനവേളയിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും ഉടൻ തുർക്കിയ ഫിൻലൻഡിന്റെ അംഗത്വം അംഗീകരിക്കുമെന്ന സൂചന നൽകി.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിത പ്രദേശങ്ങളിൽ നിനിസ്റ്റോയും ഉർദുഗാനും പര്യടനം നടത്താനിരിക്കുകയാണ്. വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോയ്ക്കൊപ്പം നിനിസ്റ്റോ വ്യാഴാഴ്ച തുർക്കിയയിലെത്തും. നിനിസ്റ്റോയും ഉർദുഗാനും വെള്ളിയാഴ്ച ഇസ്തംബൂളിൽ കൂടിക്കാഴ്ചയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.