തുർക്കിയിൽ ചരിത്രപ്രധാനമായ തഖ്സീം ചത്വരത്തിൽ പള്ളി തുറന്ന് ഉർദുഗാൻ
text_fieldsഇസ്റ്റംബൂൾ: തുർക്കിയുടെ രാഷ്ട്രപിതാവ് മുസ്തഫ കമാൽ അതാതുർക് മതേതരത്വത്തിെൻറ പ്രതീകമായി നിലനിർത്തിയ തഖ്സീം ചത്വരത്തിനു ചാരെ പുതിയ മസ്ജിദ് തുറന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. 1950കൾ മുതൽ മസ്ജിദ് നിർമാണത്തിന് പലവുരു ശ്രമങ്ങൾ നടത്തിയതൊക്കെയും പരാജയമായതിനു ശേഷമാണ് വെള്ളിയാഴ്ച പുതിയ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. 2013ലാണ് നിർമാണ പദ്ധതികൾക്ക് സർക്കാർ നടപടികൾ ആരംഭിച്ചിരുന്നത്. ഇതിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങളുടെ വാർഷികത്തിലാണ് ഉദ്ഘാടനം. ചത്വരത്തിന് സമീപം അതാതുർക് പ്രതിമയിൽനിന്ന് മാറി നിർമിച്ച മസ്ജിദ് പ്രൗഢിയിലും ശിൽപ ഭംഗിയിലും സമീപ കാല നിർമിതികളിൽ ഏറ്റവും മനോഹരമായവയിലൊന്നാണ്.
ഇസ്തംബൂളിൽ വ്യാപാരത്തിെൻറയും വിനോദസഞ്ചാരത്തിെൻറയും തൊഴിലാളികളുടെയുമുൾപെടെ ഏറ്റവും തിരക്കുപിടിച്ച ഇടമാണ് തഖ്സീം ചത്വരം. പട്ടണത്തിലെ ഏറ്റവും വലിയ ഗ്രീക് ഓർതഡോക്സ് ചർച്ച് ഉൾപെടെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
1990 കളിൽ ഇസ്റ്റംബൂൾ മേയറായ കാലം മുതൽ ഇവിടെ പള്ളി നിർമാണത്തിന് ഉർദുഗാൻ ശ്രമങ്ങൾ സജീവമാക്കിയിരുന്നു. 1997ൽ പട്ടാള ഇടപെടലാണ് പദ്ധതി നീട്ടിയത്. 2017ൽ വീണ്ടും നിർമാണം ആരംഭിച്ച മസ്ജിദിനോടു ചേർന്ന് പ്രദർശന ഹാൾ, ലൈബ്രറി, സൂപ് കിച്ചൺ, കാർ പാർക് എന്നിവയും ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ ഉർദുഗാൻ തുറന്നുകൊടുക്കുന്ന മൂന്നാമത്തെ പ്രധാന മസ്ജിദാണിത്. 2019ൽ കാംലിക മസ്ജിദും കഴിഞ്ഞ വർഷം ചരിത്രപ്രസിദ്ധമായ അയാ സോഫിയയും തുറന്നുകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.