യു.എന്നിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച് ഉർദുഗാൻ; ഇന്ത്യ-പാകിസ്താൻ ചർച്ച തുടരണമെന്നും നിർദേശം
text_fieldsയുനൈറ്റഡ് നാഷൻസ്: യു.എന്നിൽ വീണ്ടും കശ്മീർ വിഷയം എടുത്തിട്ട് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ . കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും ചർച്ചയിലൂടെ പരിഹരിക്കുന്നത് മേഖലയെ സ്ഥിരതയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും കശ്മീരിൽ നീതിയും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാൻ കഴിയും. യു.എൻ ഉന്നതതല യോഗത്തിൽ സംസാരിക്കവേ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇത്തരം നടപടികൾക്ക് തുർക്കിയുടെ സമ്പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. 2020ൽ ഉർദുഗാൻ കശ്മീർ സാഹചര്യത്തെ ‘കത്തുന്ന പ്രശ്‌നം’ എന്ന് വിളിക്കുകയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ വിമർശിക്കുകയും ചെയ്തു. ഇത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിമർശനത്തിന് കാരണമായിരുന്നു.
കഴിഞ്ഞ വർഷം, എർദോഗനും അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മാത്രമായിരുന്നു കശ്മീർ വിഷയം യു.എന്നിൽ പരാമർശിച്ച രണ്ട് നേതാക്കൾ.
അതിനിടെ, സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കിയ താലിബാൻ നിയന്ത്രണങ്ങൾ ഉപേക്ഷിച്ചാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമെന്നും എർദുഗാൻ സൂചന നൽകി. ഉയ്ഗൂർ ന്യൂനപക്ഷത്തോടുള്ള ചൈനയുടെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു.
സെക്യൂരിറ്റി കൗൺസിൽ ലോകസുരക്ഷ ഉറപ്പാക്കുന്നത് അവസാനിപ്പിച്ചെന്നും അഞ്ച് രാജ്യങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾക്കുള്ള യുദ്ധക്കളമായി മാറിയെന്നും ഉർദുഗാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.