ഫലസ്തീനുള്ള ഇ.യു സഹായം തടയുന്നതിനെ എതിർത്ത് സ്പെയിനും ഫ്രാൻസും
text_fieldsമഡ്രിഡ്: ഫലസ്തീനുള്ള സഹായം നിർത്തിവെക്കുകയാണെന്ന യൂറോപ്യൻ യൂനിയന്‍റെ പ്രസ്താവനയെ എതിർത്ത് അംഗരാജ്യങ്ങളായ സ്പെയിനും ഫ്രാൻസും. ഇതേത്തുടർന്ന്, സഹായം നിർത്താനുള്ള തീരുമാനം യൂറോപ്യൻ യൂനിയൻ പിൻവലിച്ചു.
ഫലസ്തീനുള്ള 69.1 കോടി യൂറോയുടെ വികസന സഹായം വിതരണം ചെയ്യുന്നത് മരവിപ്പിച്ചതായാണ് ഇ.യു നൈബർഹുഡ് കമീഷണർ ഒലിവർ വറേലി ഇന്നലെ അറിയിച്ചത്. എന്നാൽ, ഇതിനെതിരെ സ്പെയിനും ഫ്രാൻസും രംഗത്തെത്തുകയായിരുന്നു. തുടർന്ന്, സഹായം നിർത്തിവെക്കില്ലെന്ന് കമീഷണർ വ്യക്തമാക്കി. സഹായധനം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച വൈകീട്ട് യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരുന്നുണ്ട്.
ഫലസ്തീനുള്ള സഹായം തുടരണമെന്ന് സ്പാനിഷ് ആക്ടിങ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബരേസ് പറഞ്ഞു. 'ഹമാസ് യൂറോപ്യൻ യൂനിയന്‍റെ ഭീകരവാദ പട്ടികയിലുള്ള സംഘടനയാണ്. അതിനെയും ഫലസ്തീൻ ജനതയെയും ഫലസ്തീൻ ഭരണകൂടത്തെയും അവിടെ പ്രവർത്തിക്കുന്ന യു.എൻ സംഘടനകളെയും മനസിലാക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകരുത്. ഈ സഹകരണം തുടരണം' - അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഫലസ്തീനിൽ കൂടുതൽ സഹായം ആവശ്യമായിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനങ്ങൾക്കുള്ള സഹായം നിർത്തിവെക്കുന്നതിന് തങ്ങൾ അനുകൂലമല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം യൂറോപ്യൻ കമീഷന് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അയർലൻഡ്, ലക്സംബർഗ് എന്നീ രാജ്യങ്ങളും ഫലസ്തീനുള്ള ഇ.യു സഹായം തടയുന്നതിനെതിരെ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.