സെർബിയൻ, കൊസോവോ നേതാക്കളെ അടിയന്തര ചർച്ചക്ക് വിളിപ്പിച്ച് ഇ.യു
text_fieldsബ്രസൽസ്: സംഘർഷ സാഹചര്യത്തിൽ കൊസോവോ പ്രധാനമന്ത്രി ആൽബിൻ കുർതിയെയും സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിചിനെയും അടിയന്തര ചർച്ചക്കായി വിളിപ്പിച്ച് യൂറോപ്യൻ യൂനിയൻ. അതിർത്തിയിലെ സംഘർഷാവസ്ഥ തുറന്ന ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെടുമെന്ന ആശങ്കക്കിടെയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.
വടക്കൻ കൊസോവോയിലെ സെർബുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ വ്യാപകമായതിനെ തുടർന്ന് അതിർത്തിയിൽ സെർബിയ സൈനിക സാന്നിധ്യം വർധിപ്പിച്ചിരിക്കുകയാണ്. സെർബുകൾ ബഹിഷ്‍കരിച്ച പ്രാദേശിക തെരഞ്ഞെടുപ്പിനുശേഷം പൊലീസ് സഹായത്തോടെ അൽബേനിയൻ വംശജരായ മേയർമാർ ചുമതലയേറ്റതോടെയാണ് കഴിഞ്ഞ മാസം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കൊസോവോയുടെ വടക്കൻ മേഖലയിൽ സെർബ് വംശജർ ധാരാളമുണ്ട്. ഇവർ വേട്ടയാടപ്പെടുന്നുവെന്ന് ആരോപിച്ച് പിന്തുണയുമായാണ് സെർബിയ അതിർത്തിയിൽ കൂടുതലായി സൈന്യത്തെ വിന്യസിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂനിയൻ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും വിജയത്തിലെത്തിയിട്ടില്ല. മുമ്പ് സെർബിയൻ പ്രവിശ്യയായിരുന്ന കൊസോവോ വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2008 ഫെബ്രുവരി 17നാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. 1998-99 കാലഘട്ടത്തിലെ സംഘർഷത്തിൽ പതിനായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിലധികവും കൊസോവോയിലെ അൽബേനിയൻ വംശജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.