ഇസ്രായേൽ വ്യാജാരോപണം പൊളിഞ്ഞതിന് പിന്നാലെ ഫലസ്തീന് സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യൂറോപ്യൻ യൂനിയൻ
text_fieldsലൂബിയാന: യു.എൻ ഏജൻസിയും ഫലസ്തീന്റെ ജീവനാഡിയുമായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണർ യാനെസ് ലെനാർച്ചിച്ച്. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർ പങ്കെടുത്തുവെന്ന ഇസ്രായേലിന്റെ ആരോപണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ഏജൻസിക്കുള്ള ധനസഹായം മരവിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രായേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ നേതൃത്വം നൽകിയ സ്വതന്ത്ര വസ്തുതാന്വേഷണ സംഘം കണ്ടെത്തി. ഇന്നലെയാണ് കൊളോണ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനുപിന്നാലെ ധനസഹായം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് യാനെസ് ലെനാർച്ചിച്ച് രംഗത്തെത്തുകയായിരുന്നു.
ജനുവരിയിലാണ് യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രായേൽ രംഗത്തെത്തിയത്. ഗസ്സയെ മുച്ചൂടും നശിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾക്കിടയിൽ മരുന്നിനും ഭക്ഷണത്തിനും ഗസ്സ നിവാസികൾക്കുള്ള ഏക ആശ്രയമായിരുന്നു 1948ൽ സ്ഥാപിതമായ യു.എൻ.ആർ.ഡബ്ല്യു.എ. മാനുഷിക സഹായത്തിന്റെ ഈ കച്ചിത്തുരുമ്പുകൂടി ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ വ്യാജാരോപണം. യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് അടക്കം ആരോപണം നിഷേധിച്ച് തുടക്കംമുതൽ തന്നെ രംഗത്തുവന്നെങ്കിലും അമേരിക്കയും യോറോപ്യൻ രാജ്യങ്ങളുമടക്കം 15 രാഷ്ട്രങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം നിർത്തലാക്കി. 450 മില്യൺ ഡോളർ ധനസഹായമാണ് ഇസ്രായേലിന്റെ കള്ളപ്രചാരണത്തിൽ ഇല്ലാതായത്.
പലരും പിന്നീട് ഫണ്ടിങ് പുനരാരംഭിച്ചെങ്കിലും ഏറ്റവും വലിയ ദാതാവായ യു.എസ് അടക്കമുള്ള രാഷ്ട്രങ്ങൾ ഇപ്പോഴും ഇസ്രായേൽ വ്യാജാരോപണത്തിന്റെ മറപറ്റി സഹായം നിർത്തലാക്കിയിരിക്കുകയാണ്.
ഇസ്രായേൽ ആരോപണം
കഴിഞ്ഞ 74വർഷമായി ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ ഗസ്സയിലടക്കമുള്ള ഫലസ്തീനികൾക്ക് ഭക്ഷണവും മരുന്നും പുനരധിവാസവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഇതിന്റെ 12 ജീവനക്കാർക്ക് ഹമാസുമായും ഒക്‌ടോബർ 7ന് നടന്ന ആക്രമണവുമായും ബന്ധമുണ്ടെന്നായിരുന്നു ഇസ്രായേൽ ആരോപിച്ചത്. 30ഓളം ജീവനക്കാർ ആക്രമണത്തിന് സഹായം ചെയ്തതായും സംഘടനയുടെ 12 ശതമാനം ജീവനക്കാർ ഹമാസ് ബന്ധമുള്ളവരാണെന്നും ഇവർ പ്രചരിപ്പിച്ചു. ഈ വ്യാജാരോപണത്തെ മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾക്കുമേൽ ഇസ്രായേലും യു.എസും സമ്മർദം ചെലുത്തി. ഇസ്രായേൽ ആക്രമണത്തിൽ കിടപ്പാടമില്ലാതെയും ചികിത്സകിട്ടാതെയും പട്ടിണികിടന്നും നരകിച്ച ഗസ്സയിലെ മനുഷ്യരുടെ ഏക അത്താണിയായ യു.എൻ.ആർ.ഡബ്ല്യു.എ ഫണ്ടില്ലാതെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു.
ഇസ്രായേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം തെളിയിക്കാൻ ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും ഏജൻസി അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ സ്വതന്ത്രാന്വേഷണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.