ബെലറൂസിനെതിരെ ഇ.യു ഉപരോധം ശക്തമാക്കുന്നു; ലക്ഷ്യമിടുന്നത് വിമാനക്കമ്പനികളെയും ട്രാവൽ ഏജൻറുമാരെയും
text_fieldsബ്രസൽസ്: യൂറോപ്പിലേക്ക് അഭയാർഥികളെ 'കയറ്റിവിടുന്ന' ബെലറൂസ് ഭരണകൂടത്തിനെതിരായ സമ്മർദം ശക്തമാക്കുന്നതിെൻറ ഭാഗമായി യൂറോപ്യൻ യൂനിയൻ (ഇ.യു) കൂടുതൽ ഉപരോധമേർപ്പെടുത്തുന്നു. വിവാദ തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറിയ ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോക്കും ഭരണകൂടത്തിലെ ഉന്നതർക്കുമെതിരെ ഇ.യു ഏർപ്പെടുത്തിയ ഉപരോധത്തിന് പുറമെയാണിത്.
അഭയാർഥികളെ യൂറോപ്പിലേക്ക് എത്തിക്കാൻ സഹായിക്കുന്ന വിമാനക്കമ്പനികൾ, ട്രാവൽ ഏജൻറുമാർ, മറ്റു സഹായികൾ എന്നിവരെ കൂടി ഉൾപ്പെടുത്തി ഉപരോധം വിപുലമാക്കാൻ ബ്രസൽസിൽ ഇ.യു വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടരുകയാണ്. ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ അഭയാർഥികളെ എത്തിക്കാൻ സഹായിക്കുന്ന മുഴുവൻ പേരെയും ഉപരോധ പരിധിയിൽ കൊണ്ടുവരാനുള്ള ചർച്ചകളാണ് തുടരുന്നത്.
ഉപരോധം ശക്തമാക്കുമെന്ന് ഇ.യു കമീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലിയെൻ പറഞ്ഞു. രാഷ്ട്രീയാവശ്യത്തിനായി അഭയാർഥികളെ ഉപയോഗിക്കുന്നതിനെതിരെ ഇ.യു ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് തിങ്കളാഴ്ചയിലെ യോഗമെന്ന് ഇ.യു വിദേശനയ വിഭാഗം തലവൻ ജോസഫ് ബോറൽ പറഞ്ഞു. മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ ഈ നടപടിയെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.യു ഉപരോധത്തിന് പ്രതികാരമായി അഭയാർഥികളെ ബെലറൂസിെൻറ പോളണ്ട് അതിർത്തി വഴി കടത്തിവിടുകയാണെന്ന് പോളണ്ട് ഉൾപ്പെടെ ഇ.യു അംഗരാജ്യങ്ങൾ ആരോപിച്ചു.
ലാത്വിയ 3000 സൈനികരെ വിന്യസിച്ചു
റിഗ: മുൻകൂട്ടി പ്രഖ്യാപിക്കാതെയുള്ള സൈനികാഭ്യാസത്തിെൻറ ഭാഗമായി 3000 സൈനികരെ ലാത്വിയയുടെ ബെലറൂസ് അതിർത്തിയിൽ വിന്യസിച്ചു. നിലവിൽ പോളണ്ട് അതിർത്തിയിലുള്ള അഭയാർഥികൾ തങ്ങളുടെ അതിർത്തിയിലേക്ക് നീങ്ങില്ലെന്ന് ഉറപ്പിക്കാനാവില്ലെന്ന് ലാത്വിയ പ്രതിരോധ മന്ത്രി ആർടിസ് പെബ്റിക്സ് പറഞ്ഞു.
പൗരന്മാരെ തിരിച്ചു കൊണ്ടുവരും –ഇറാഖ്
ബഗ്ദാദ്: ബെലറൂസ്-പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുമെന്ന് ഇറാഖ്. ഇറാഖി അഭയാർഥികളുമായുള്ള ആദ്യവിമാനം വ്യാഴാഴ്ച പുറപ്പെടുമെന്ന് ഇറാഖ് വിദേശകാര്യ വക്താവ് അഹ്മദ് അൽ സഹഫ് പറഞ്ഞു.
ലുകഷങ്കോയെ പൂർണമായി കുറ്റപ്പെടുത്താനാകില്ലെന്ന് റഷ്യ
മോസ്കോ: അഭയാർഥി പ്രതിസന്ധിക്ക് ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോയെ പൂർണമായി കുറ്റപ്പെടുത്താനാവില്ലെന്ന് റഷ്യ. അതിർത്തിയിലെ പ്രശ്നം സൃഷ്ടിച്ചത് ലുകഷങ്കോയല്ലെന്ന് റഷ്യൻ പ്രസിഡൻറിെൻറ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് 'മധ്യസ്ഥത വഹിക്കാൻ' റഷ്യ തയാറാണെന്നും വക്താവ് പറഞ്ഞു. റഷ്യയുടെ സഖ്യരാജ്യമായ ബെലറൂസ്, പുടിൻ ഭരണകൂടത്തിെൻറ പിന്തുണയോടെയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞയാഴ്ച സൈനികാഭ്യാസത്തിനായി റഷ്യൻ സേനയെ ബെലറൂസിലേക്ക് അയച്ചിരുന്നു. ഇതിനു പുറമെ, ആണവായുധ ശേഷിയുള്ള രണ്ട് ബോംബർ വിമാനങ്ങളും ബെലറൂസിൽ റഷ്യ വിന്യസിച്ചിട്ടുണ്ട്.
തിരിച്ചടിക്കുമെന്ന് ബെലറൂസ്
മിൻസ്ക്: തങ്ങൾക്കെതിരായ ഉപരോധവുമായി ഇ.യു മുന്നോട്ട് പോയാൽ തിരിച്ചടിക്കുമെന്ന് ബെലറൂസ്. യൂറോപ്പിലേക്കുള്ള റഷ്യയിൽനിന്നുള്ള ഗ്യാസ് വിതരണ ശൃംഖല അടക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.