യൂറോപ്പ് വരൾച്ചയിലേക്ക്...
text_fieldsലണ്ടൻ: ഫ്രാൻസിലെ ലാക് ഡി മോണ്ട്ബെൽ തടാകത്തിന്റെ 80 ശതമാനം ഭാഗത്തും വെള്ളമില്ല. ബോട്ടുകൾ വരണ്ട കരയിൽ വെറുതെ കിടക്കുന്നു, ബോട്ടിൽ മാത്രം എത്താൻ കഴിയുമായിരുന്ന വടക്കൻ ഇറ്റലിയിലെ സാൻ ബിയാജിയോ ദ്വീപിലേക്ക് വിനോദസഞ്ചാരികൾ നടന്നുപോകുന്നു, ആൽപ്സ് പർവതനിരയിൽ മഞ്ഞ് പതിവിനെക്കാൾ 63 ശതമാനം കുറവാണ്, ജർമനിയിലെ ആഴം കുറഞ്ഞ ജലപാതകളിൽ ഗതാഗതം തടസ്സപ്പെട്ടു; ബോട്ടുകൾ പകുതി ശേഷിയിൽ മധ്യ യൂറോപ്പിലേക്ക് തിരിച്ചുവിടാൻ നിർബന്ധിതരായി, സ്പെയിനിലെ ബാഴ്സലോണയിൽ പാർക്കുകളിൽ ജല വിനോദോപാധികൾ നിർത്തിയിരിക്കുകയാണ്; കാറ്റലോണിയയിൽ മൂന്നു വർഷമായി ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്, ലണ്ടനിലെ തടാകങ്ങളിൽ ഈ മാസങ്ങളിൽ ജലനിരപ്പ് ഇത്ര താഴ്ന്നത് പുതുതലമുറ കണ്ടിട്ടില്ല... യൂറോപ്പിലെ ശൈത്യകാല വരൾച്ചയുടെ ചിത്രങ്ങളാണിത്.
വീട്ടിലെയും കൃഷിയിടത്തിലെയും ഫാക്ടറികളിലെയും ജലസുരക്ഷയെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനിടെ ഇംഗ്ലണ്ടിൽ ഫെബ്രുവരിയിൽ ഇത്രമാത്രം ജലനിരപ്പ് താഴ്ന്നിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രൂക്ഷമായ വരൾച്ചയുടെ നാളുകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച യൂറോപ്പിനെ കാത്തിരിക്കുന്നുവെന്ന് ഉപഗ്രഹ വിവരങ്ങളും ഭൂഗർഭ ജലനിരപ്പും വിശകലനം ചെയ്ത് ഓസ്ട്രിയയിലെ ഗ്രാസ് സാങ്കേതിക സർവകലാശാല ജനുവരിയിൽ പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നു. ജർമനിയിലും ഓസ്ട്രിയയിലും ജലക്ഷാമമുണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ഗവേഷകരിലൊരാളായ ടോർസ്റ്റൻ മേയർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിൽ മനുഷ്യന്റെ ഇടപെടലിന്റെ പങ്ക് ചൂണ്ടിക്കാട്ടുന്നു വേൾഡ് വെതർ ആട്രിബ്യൂഷൻ സർവിസ്. 2018ലും കഴിഞ്ഞ വർഷവും അനുഭവപ്പെട്ട വരൾച്ച സൂചനയായിരുന്നുവെന്നും കൂടുതൽ കടുത്ത സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും യൂറോപ്യൻ വരൾച്ച നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആൻഡ്രിയ ടോറെറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.