യൂറോപ്പിൽ കോവിഡ് ബാധിതർ ഏഴര കോടി കവിഞ്ഞു; പുതിയ രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നു
text_fieldsലണ്ടൻ: ഒമിക്രോൺ ഭീതി പരത്തുന്നതിനിടെ, യൂറോപ്പിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധന കാരണം വിവിധ രാജ്യങ്ങളിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ 23 രാജ്യങ്ങളിൽ രണ്ടുദിവസത്തിനിടെയാണ് ഓമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 578,020 ആയി. ലോകത്തിൽ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യങ്ങളിൽ മൂന്നാമതാണ് റഷ്യ.
യൂറോപ്പിൽ 15 രാജ്യങ്ങളിലാണ് ഇതുവരെ ഒമിക്രോൺ കണ്ടെത്തിയത്. ഇവിടങ്ങളിൽ സാമ്പത്തിക മേഖല വലിയ തിരിച്ചടി നേരിടുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ് ബാധിതരിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം കാരണമാകുമെന്ന് യൂറോപ്യൻ യൂനിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ഒമിക്രോൺ വകഭേദം കണ്ടെത്തുന്നതിനു മുമ്പുതന്നെ, യൂറോപ്പ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. ഓരോ ദിവസവും 100 പുതിയ രോഗബാധിതരിൽ 66 എണ്ണം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് സ്ഥിരീകരിച്ചിരുന്നത്.
യൂറോപ്പിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ 53 ശതമാനവും രോഗം സ്ഥിരീകരിച്ചവരിൽ 33 ശതമാനവും കിഴക്കൻ യൂറോപ്പിലാണ്. യൂറോപ്പ് ജനസംഖ്യയിൽ 39 ശതമാനവും കിഴക്കൻ യൂറോപ്പിലാണ്. പുതിയ വകഭേദം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക അതിന്‍റെ നാലാംതരംഗത്തിലേക്ക് കടന്നു. അമേരിക്കയിൽ ഒമ്പതു പേരിലാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.