ലോകത്ത് 2017ൽ കൊല്ലപ്പെട്ടത് 10,000 കുട്ടികൾ
text_fieldsയുനൈറ്റഡ് നേഷൻസ്: ലോകത്ത് വിവിധ സംഘട്ടനങ്ങളിലും യുദ്ധക്കെടുതിയിലും കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 10,000 കുട്ടികൾ. െഎക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് സായുധസംഘട്ടനങ്ങളിലും ബലാത്സംഗത്തിലൂടെയും സ്കൂളുകളിൽ നടന്ന ആക്രമണങ്ങളിലുമാണ് ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെട്ടത്. പട്ടാളക്കാർ കവചമായി ഉപയോഗിച്ച് നിരവധി കുട്ടികളെ കൊലപ്പെടുത്തിയ സംഭവങ്ങളും വിവിധ രാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് കുട്ടികൾ സംഘട്ടനങ്ങളിൽ അംഗഭംഗത്തിന് ഇരയായി.
കഴിഞ്ഞവർഷം 21,000 സംഘട്ടനങ്ങളിലാണ് പതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. 2016ൽ 15,500 സംഘട്ടനങ്ങൾ നടന്നിരുന്ന സ്ഥാനത്താണ് ഇൗ വർധന. ഇറാഖ്, മ്യാന്മർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, െഡമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോ, കിഴക്കൻ സുഡാൻ, സിറിയ, യമൻ എന്നിവിടങ്ങളിൽ നടന്ന സംഘട്ടനങ്ങളിലാണ് കൂടുതൽ മരണങ്ങളുമുണ്ടായത്.
അമേരിക്കൻ പിന്തുണയോടെ യമനിൽ നടക്കുന്ന യുദ്ധത്തിലാണ് 1300 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടത്.
ചില രാജ്യങ്ങളിൽ സൈന്യത്തിൽപോലും കുട്ടികൾ സേവനം അനുഷ്ഠിക്കുന്നതായ ഞെട്ടിക്കുന്ന വിവരവും യു.എൻ റിപ്പോർട്ടിലുണ്ട്. നൈജീരിയയിൽ കുട്ടികളെ മനുഷ്യബോംബായി ഉപയോഗിച്ച സംഭവവുമുണ്ടായി. ഇറാഖിൽ െഎ.എസിൽ ചേർന്ന മാതാപിതാക്കളുെട 1036 കുട്ടികൾ സൈന്യത്തിെൻറ തടവിൽ കഴിയുന്നതായും റിപ്പോർട്ട് വ്യക്തമാക്കി.
കിഴക്കൻ സുഡാനിൽ 1221 കുട്ടികളെ സൈന്യത്തിൽ ചേർത്ത് പട്ടാളക്കാരായി സേവനം ചെയ്യിക്കുന്നു. സോമാലിയയിൽ ‘അൽശബാബ്’ തീവ്രവാദ ഗ്രൂപ്പിൽ 1600 കുട്ടികളെ അംഗങ്ങളാക്കി. സിറിയയിൽ കുട്ടികളുടെ ജീവിതം ദുരിതമയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.