പ്രാദേശിക തെരഞ്ഞെടുപ്പ്: ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷം ‘സംപൂജ്യര്‍’
text_fieldsപാരിസ്: മാരിന്‍ ലീ പെന്‍ നേതൃത്വം നല്‍കുന്ന തീവ്ര വലതുപക്ഷമായ നാഷനല്‍ ഫ്രണ്ടിന് ഫ്രഞ്ച് പ്രാദേശിക തെരഞ്ഞെടുപ്പില്‍ ദയനീയ തകര്‍ച്ച. ആദ്യഘട്ട വോട്ടിങ്ങില്‍ നിരവധി പ്രവിശ്യകളില്‍ മുന്നില്‍നിന്ന പാര്‍ട്ടിക്ക് രണ്ടാം ഘട്ടത്തില്‍ ഒന്നില്‍പോലും ഭരണം പിടിക്കാനായില്ല. 2017ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ ‘സെമിഫൈനലാ’യി വിലയിരുത്തപ്പെട്ട പോരാട്ടത്തില്‍ ദയനീയ തകര്‍ച്ച നേരിട്ടത് ലീ പെന്നിന്‍െറ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. ഭരണപക്ഷമായ സോഷ്യലിസ്റ്റുകള്‍ക്ക് തിരിച്ചടി നല്‍കി യാഥാസ്ഥിതിക വിഭാഗമാണ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയത്. കണ്‍സര്‍വേറ്റിവുകള്‍ ഏഴു മണ്ഡലങ്ങള്‍ നേടിയപ്പോള്‍ സോഷ്യലിസ്റ്റുകള്‍ അഞ്ചിലൊതുങ്ങി. ഒരു സീറ്റും നേടാനായില്ളെങ്കിലും നാഷനല്‍ ഫ്രണ്ട് ചരിത്രത്തിലെ മികച്ച വോട്ടുവിഹിതവുമായി പ്രകടനം മെച്ചപ്പെടുത്തി.
യൂറോപ്പിലേക്കുള്ള സിറിയന്‍ കുടിയേറ്റത്തിനെതിരെ ആഞ്ഞടിച്ചാണ് ലീ പെന്‍ ജനസമ്മതി കുത്തനെ വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം ഐ.എസ് ഭീകരാക്രമണം പാരിസിനെ നടുക്കിയതോടെ പ്രവിശ്യാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണ ഘട്ടത്തില്‍ നാഷനല്‍ ഫ്രണ്ട് മേല്‍ക്കൈ ഉറപ്പാക്കി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ മൊത്തം 40 ശതമാനം വോട്ടും നേടി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ഇതേ നേട്ടം ആവര്‍ത്തിക്കുമെന്നായിരുന്നു പ്രവചനങ്ങളെങ്കിലും സോഷ്യലിസ്റ്റുകളുടെ തന്ത്രപരമായ നീക്കം നാഷനല്‍ ഫ്രണ്ടിനെ നിലംപരിശാക്കുകയായിരുന്നു. നാഷനല്‍ ഫ്രണ്ടിന് കൂടുതല്‍ വോട്ടുള്ള വടക്കന്‍, തെക്കു കിഴക്കന്‍ മേഖലകളില്‍നിന്ന് സ്വന്തം സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സാര്‍കോസിക്ക് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. നാഷനല്‍ ഫ്രണ്ടിന്‍െറ മുന്നേറ്റം തകര്‍ത്തതായി യാഥാസ്ഥിതിക പക്ഷം മേധാവി സാവിയര്‍ ബെര്‍ട്രന്‍ഡ് പറഞ്ഞു. പരാജയപ്പെട്ടെങ്കിലും തീവ്രവലതുപക്ഷം ഫ്രാന്‍സിന് കനത്ത ഭീഷണിയാണെന്ന് സോഷ്യലിസ്റ്റ് നേതാവായ പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് അഭിപ്രായപ്പെട്ടു. മുമ്പു നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ചെറിയ വിജയങ്ങള്‍ നേടിയാണ് നാഷനല്‍ ഫ്രണ്ട് ഫ്രഞ്ച് രാഷ്ട്രീയത്തില്‍ വലിയ സാന്നിധ്യമായത്. പക്ഷേ, ഒരു പ്രവിശ്യപോലും ഇത്തവണയും പിടിക്കാനാവാത്തത് ഒന്നര വര്‍ഷത്തിനു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാവില്ളെന്ന സൂചനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.