നാല് ഇന്ത്യക്കാരുടെ സ്വിസ് അക്കൗണ്ട് 60 വർഷമായി നിശ്ചലം
text_fieldsസൂറിച്ച്: കാലങ്ങളായി നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വിറ്റ്സർലൻഡ് പുറത്തുവിട്ടു. അക്കൗണ്ട് ഉടമസ്ഥരുടെ പിൻതുടർച്ചക്കാർക്ക് മുന്നോട്ടുവന്ന് പണത്തിന് വേണ്ടി അവകാശവാദമുന്നയിക്കാനുള്ള അവസരമാണ് സ്വിസ് ബാങ്ക് ഇതിലൂടെ നൽകിയിരിക്കുന്നത്. അതേസമയം, 60 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിൽ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പിയറി വാചെക്, ബഹാദൂർ ചന്ദ്ര സിങ്, ഡോ. മോഹൻലാൽ, കിഷോർ ലാൽ എന്നിവരാണ് പട്ടികയിലുള്ള 'ഇന്ത്യക്കാർ'. പിയറി വാചെകിൻെറ താമസസ്ഥലം ബോംബെ (മുംബൈ) എന്നാണ് കാണിച്ചിരിക്കുന്നത്. ബഹാദൂർ സിങ് ഡെറാഡൂൺ താമസസ്ഥലമായി കാണിച്ചപ്പോൾ ഡോ. മോഹൻലാൽ സിങിൻെറ പേരിൻെറ കൂടെ പാരിസ് എന്നാണ് കാണിച്ചിരിക്കുന്നത്. കിഷോർ ലാലിൻെറ വിലാസം സൂചിപ്പിച്ചിട്ടില്ല.
മൊത്തം 2,600 പേരുടെ ലിസ്റ്റാണ് സ്വിസ് ബാങ്കേഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. അക്കൗണ്ടിന് നിശ്ചിത സമയത്തിനുള്ളിൽ അവകാശികൾ വന്നിട്ടില്ലെങ്കിൽ ഫണ്ട് സ്വിസ് സർക്കാരിലേക്ക് കണ്ടുകെട്ടും. ഫണ്ടിനുമേൽ അവകാശമുന്നയിക്കാൻ ഒരു വർഷത്തെ സമയമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആദ്യമായാണ് സ്വിറ്റ്സർലൻഡ് ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
സ്വിറ്റ്സർലൻഡിൽ നിന്നുതന്നെയാണ് ഏറ്റവും കൂടുതൽ പേർ പട്ടികയിലുള്ളത്. സ്വിറ്റ്സർലൻഡിനെ കൂടാതെ ജർമനി, ഫ്രാൻസ്, തുർക്കി, ബ്രിട്ടൻ, യു.എസ് അടക്കം രാജ്യങ്ങൾ പട്ടികയിലുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടിൻെറ മൊത്തം മൂല്യം ഏകദേശം 44.5 മില്യൺ ഡോളർ വരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.