തുര്‍ക്കിയില്‍ അക് പാര്‍ട്ടി ഒറ്റക്ക് അധികാരത്തിലേക്ക്
text_fieldsഅങ്കാറ: തുര്‍ക്കിയില്‍ വീണ്ടും അക് പാര്‍ട്ടി തന്നെ അധികാരത്തില്‍. ഈ വര്‍ഷം രണ്ടാം തവണയും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്ന തുര്‍ക്കിയില്‍ ഭരണകക്ഷിയും പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പാര്‍ട്ടിയുമായ അക് പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നുറപ്പായി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വമ്പിച്ച ഭൂരിപക്ഷം നേടിയാണ് അക് പാര്‍ട്ടി അധികാരം ഉറപ്പിച്ചത്. അഞ്ച് മാസത്തിനുള്ളില്‍ രണ്ടാം വട്ടവും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്ന തുര്‍ക്കിയിലെ ഭരണ സ്തംഭനത്തിന് ഇതോടെ അറുതിയാവുകയാണ്.
53.2 ശതമാനം വോട്ട് നേടിയാണ് ജസ്റ്റിസ് ആന്‍റ് ഡെവലപ്മെന്‍റ് പാര്‍ട്ടി (അക് പാര്‍ട്ടി) മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യ പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഇതുവരെ 20. 7 ശമതാനം വോട്ട് ലഭിച്ചതായും സര്‍ക്കാര്‍ ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു.550 സീറ്റുള്ള പാര്‍ലമെന്‍റില്‍ 319 സീറ്റെങ്കിലും അക് പാര്‍ട്ടി നേടുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഘര്‍ഷത്തിന്‍െറ മുള്‍മുനയിലാണ് തുര്‍ക്കിയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ജൂണ്‍ ഏഴിന് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്കോ മുന്നണിക്കോ ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്.
അക് പാര്‍ട്ടി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല. അക് പാര്‍ട്ടിയെ കൂടാതെ റിപബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി, നാഷനല്‍ മൂവ്മെന്‍റ് പാര്‍ട്ടി, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയാണ് മത്സരരംഗത്തുള്ളത്. ജൂണിലെ തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി 258 സീറ്റുകളാണ് നേടിയത്. 13 വര്‍ഷമായി രാജ്യം ഭരിക്കുന്നത് അക് പാര്‍ട്ടിയാണ്.
540 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കായി 175,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. കിഴക്കന്‍ പ്രവിശ്യകളില്‍ രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും പടഞ്ഞാറന്‍ പ്രവിശ്യകളില്‍ എട്ടുമുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 276 സീറ്റുകളാണ് വേണ്ടത്.
അക് പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കില്‍ മാത്രമേ തുര്‍ക്കിയുടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സാധിക്കൂ എന്ന് പ്രധാനമന്ത്രി ദാവൂദ് അഹ്മദ് ഒഗ്ലു പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.