തുർക്കി ഭരണഘടനയിൽ മാറ്റംവരുത്തണം –ഉർദുഗാൻ
text_fieldsഅങ്കാറ: പ്രസിഡൻറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന രീതിയിലേക്ക് ഭരണഘടനയിൽ മാറ്റംവരുത്തണമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു. നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 550 പാർലമെൻറ് സീറ്റുകളിൽ 317 എണ്ണവും സ്വന്തമാക്കിയാണ് ഉർദുഗാെൻറ ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടി വിജയിച്ചത്. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളെപ്പോലെ പ്രസിഡൻഷ്യൽ ഭരണമാണ് ഉർദുഗാൻ ലക്ഷ്യമിടുന്നത്. അതേസമയം, കൂടുതൽ അധികാരം കൈവന്നാൽ ഉർദുഗാൻ ഏകാധിപതിയായി മാറുമെന്നാണ് വിമർശകർ ആരോപിക്കുന്നത്.
‘നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ അക് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മാറ്റങ്ങൾക്കുള്ള സമയമാണിത്. പുതിയ ഭരണഘടനക്ക് കൂടുതൽ പ്രാമുഖ്യം നൽകുക’ –തുർക്കിയുടെ സ്ഥാപകനെന്ന് വിശേഷിപ്പിക്കുന്ന മുസ്തഫ കമാൽ അത്തുർക്കിെൻറ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിക്കിടെ ഉർദുഗാൻ സൂചിപ്പിച്ചു. നിലവിലുള്ള സമ്പ്രദായത്തിൽ പ്രസിഡൻറും പ്രധാനമന്ത്രിയും തമ്മിൽ പിരിമുറുക്കത്തിന് കാരണമാകുമെന്നതിനാൽ ഭരണഘടനയിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.