പാരിസ് ഭീകരാക്രമണം: പിന്നിൽ മൂന്ന് സംഘങ്ങൾ; അഭയാർഥികൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ
text_fieldsപാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ ഭീകരാക്രമണം നടത്തിയതിന് പിന്നിൽ മൂന്ന് സംഘങ്ങളാണെന്ന് റിപ്പോർട്ട്. സംഘത്തിൽ ഒരു ഫ്രഞ്ച് പൗരനുമുണ്ട്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേർ ബെൽജിയത്തിൽ പിടിയിലായെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പാരിസിന് 25 കിലോമീറ്റർ അകലെ കോർകോറോണിൽ 1985ൽ ജനിച്ച ഒരാളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തീവ്രവാദികളിൽ ഏഴു പേർ കൊല്ലപ്പെട്ടു.
ഒരേസമയം മൂന്ന് സ്ഥലങ്ങളിൽ ആക്രമണം നടന്നതിന് പിന്നിൽ ഈ സംഘങ്ങളാണ്. ഇതിൽ ഒരാൾ ആക്രമണം നടന്ന ശനിയാഴ്ച പാരിസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കലാഷ്നിക്കോവ് റൈഫിളുകളും സ്ഫോടക വസ്തുക്കളുമായാണ് ഇവർ എത്തിയത്. ബെൽജിയം രജിസ്ട്രേഷനുള്ള രണ്ടു കാറുകളാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദികൾ രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണ്.
അതേസമയം, സ്റ്റെദ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിന് സമീപത്ത് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സിറിയൻ പാസ്പോർട്ട് കണ്ടെത്തി. 1990ൽ ജനിച്ച ആളുടെ പാസ്പോർട്ടാണിത്. അഭയാർഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്പോർട്ട് എന്ന് അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഫ്രഞ്ച് സർക്കാരും ഉത്തരവാദികളാണെന്ന വാദവുമായി സിറിയൻ പ്രസിഡന്‍റ് ബശർ അൽ അസദ് രംഗത്തെത്തി. സിറിയൻ വിമതരെ സഹായിച്ച ഫ്രഞ്ച് സർക്കാറിനുള്ള തിരിച്ചടിയാണിതെന്നും അസദ് പറഞ്ഞു.
അതിനിടെ, പാരിസിലെ ഭീകരാക്രമണം സിറിയൻ അഭയാർഥികൾക്ക് വലിയ തിരിച്ചടിയായി. രാജ്യസുരക്ഷയെ മുൻനിർത്തി അഭയാർഥികളുടെ കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു കഴിഞ്ഞു. സ്ഫോടന സ്ഥലത്ത് നിന്ന് സിറിയൻ പാസ്പോർട്ട് ലഭിച്ചതു വഴി അഭയാർഥികളായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രീസ് സ്ഥിരീകരിച്ചു. കൂടാതെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിരലടയാളം അഭയാർഥികളുടേതുമായി താരതമ്യം ചെയ്യണമെന്ന് ഗ്രീസിനോട് ഫ്രാൻസ് ആവശ്യപ്പെട്ടു.
അഭയാർഥികളെ സ്വീകരിക്കുന്നതിനെ എതിർക്കുന്ന പോളണ്ടും ചെക് റിപ്പബ്ലിക്കും കടുത്ത വിമർശവുമായി രംഗത്തെത്തി. ഇതോടെ മൃദുസമീപനം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളും അഭയാർഥികളെ സ്വീകരിക്കുന്നതിൽ നിലപാട് ശക്തമാക്കും. എട്ട് ലക്ഷത്തിലധികം അഭയാർഥികൾ കടൽ കടന്ന് യൂറോപ്പിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ശനിയാഴ്ച പാരിസിൽ ആറിടത്തുണ്ടായ ഭീകരാക്രമണത്തിൽ 129 പേർ കൊല്ലപ്പെട്ടിരുന്നു. 352 പേർക്ക് പരിക്കേറ്റു. ഇതിൽ 90 പേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.