ഇരുട്ടടി സിറിയൻ അഭയാർഥികൾക്ക്; കടുത്ത നയങ്ങൾക്ക് സമ്മർദം
text_fieldsപാരിസ്: പാരിസിലെ ഭീകരാക്രമണം ശരിക്കും നടുക്കയത്തിലാക്കിയത് സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽനിന്ന് അഭയം തേടിയിറങ്ങിയ ലക്ഷങ്ങളെ. കടൽ കടന്നെത്തുന്നവരെ സ്വീകരിക്കുന്ന നയത്തിനെതിരെ ഏറെയായി രംഗത്തുള്ള തീവ്ര പക്ഷങ്ങളിപ്പോൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ പിടിക്കാനെന്ന പേരിൽ ബെൽജിയം, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അതിർത്തികൾ ഇതിനകം അടച്ചുകഴിഞ്ഞു. പാരിസ് ആക്രമണത്തിനു പിന്നിൽ അഭയാർഥി പ്രശ്നമാണെന്ന് പോളണ്ട്, ലാത്വിയ, സ്ലോവാക്യ, ചെക് റിപ്പബ്ലിക് എന്നിവ പരസ്യമായി പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമാണ്. സ്ഫോടനം നടത്തിയവരെക്കുറിച്ച അന്വേഷണത്തിെൻറ മുന സിറിയയിൽ ഐ.എസ് തീവ്രവാദികളിലേക്കും ചില അഭയാർഥികളിലേക്കും എത്തിയതോടെ നേരത്തേ അനുകൂല നിലപാടുണ്ടായിരുന്ന സർക്കാറുകളും മാറിച്ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.
1,60,000 അഭയാർഥികളെ പുനരധിവസിപ്പിക്കാൻ അടുത്തിടെ യൂറോപ്യൻ യൂനിയൻ പദ്ധതികളാവിഷ്കരിച്ചിരുന്നു. പാരിസ് ആക്രമണത്തോടെ ഇനി അതു നടക്കില്ലെന്നതാണ് ആശങ്ക. പദ്ധതി ഉപേക്ഷിക്കണമെന്ന് പോളണ്ട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം, അഭയാർഥികൾക്ക് പ്രതിരോധവുമായി യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലോഡ് ജങ്കർ രംഗത്തെത്തി. ‘പാരിസിൽ ആക്രമണം നടത്തിയവരുടെ ഭീകരതയിൽനിന്ന് രക്ഷപ്പെട്ടാണ് അഭയാർഥികൾ സിറിയ വിട്ടുപോരുന്നത്. ഇതേ അക്രമികളുടെ പേരിൽ ഇരകൾക്കായുള്ള പദ്ധതി മാറ്റേണ്ടതില്ല’–ജി20 ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. പാരിസ് സ്റ്റേഡിയത്തിനു പുറത്ത് സ്വയം പൊട്ടിത്തെറിച്ചവരിൽ ഒരാളുടെ വശം കണ്ടെത്തിയ സിറിയൻ വിസയാണ് ഏറ്റവുമൊടുവിലെ വില്ലൻ. ഇതു യഥാർഥമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും ഇയാൾ കഴിഞ്ഞ ഒക്ടോബറിൽ ഗ്രീസ് വഴി ഫ്രാൻസിലെത്തിയതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
യൂറോപ്പിലെ പ്രതികരണത്തിനു സമാനമായി അമേരിക്കയിലും സിറിയൻ അഭയാർഥികൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കാര്യമായ ഒഴുക്കില്ലെങ്കിലും യു.എസിലെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർമാർ അഭയാർഥികളെ ഇനി സ്വീകരിക്കാനാവില്ലെന്ന വാദവുമായി രംഗത്തെത്തി. ഏറ്റവും കൂടുതൽ അഭയാർഥികൾ എത്തിയ ജർമനിയിലും പ്രതിഷേധം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.