മൊളെന്‍ബീക്: ലോകം തിരയുന്ന നാട്
text_fieldsബ്രസല്‍സ്: ബെല്‍ജിയന്‍ തലസ്ഥാന നഗരമായ ബ്രസല്‍സിലെ മധ്യ ചത്വരത്തിന് മൂന്ന് മൈല്‍ അകലെ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ ചോക്ലറ്റ് കടകള്‍ക്കും കഫേകള്‍ക്കും അപ്പുറത്തായി ഒരു പ്രദേശമുണ്ട് -മൊളെന്‍ബീക് സെയ്ന്‍റ് ജീന്‍. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായ, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ഇത്. മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശം. ചുമരെഴുത്തുകള്‍ നിറഞ്ഞ മതിലുകള്‍കൊണ്ട് വേലികെട്ടിയ പച്ചപ്പുല്‍ മൈതാനങ്ങളില്‍ കുട്ടികള്‍ കളിക്കുന്നത് കാണാം ഇവിടെ. വര്‍ണാഭമായ കച്ചവട സ്ഥാപനങ്ങള്‍ക്കപ്പുറം ദാരിദ്ര്യത്തിന്‍െറ ദൈന്യത മുറ്റിനില്‍ക്കുന്ന ചെറുതുരുത്തുകളാണ്. ഇവിടുത്തെ ജനങ്ങളില്‍ അധികവും ഇടക്കാല താമസക്കാരാണ്. എന്നാല്‍, സ്ഥിരതാമസക്കാരായ കുടുംബങ്ങളുമുണ്ട്. കുഞ്ഞുങ്ങളെ കൈവണ്ടിത്തൊട്ടിലില്‍ ഇരുത്തി നീങ്ങുന്ന അമ്മമാരെ ഇവിടെ കാണാം.
അധികമൊന്നും അറിയപ്പെടാതെ കിടന്നിരുന്ന ഈ നാട് പാരിസ് ഭീകരാക്രമണ ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പാരിസ് ആക്രമണത്തിന്‍െറ മുഖ്യ ആസൂത്രകര്‍ ഈ നാട്ടുകാരാണ് എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബെല്‍ജിയം പൊലീസ് റെയ്ഡുകളുടെ ഒരു പരമ്പരതന്നെ ഇവിടെ നടത്തി. ഇവിടെനിന്ന് അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുകയും ചെയ്തു.
ഇതോടെ, ജിഹാദികളുടെ സങ്കേതമെന്ന് മൊളെന്‍ബീക്കിനെ ലോകം വിശേഷിപ്പിച്ചു. എന്നാല്‍, ഇവിടുത്തെ താമസക്കാരില്‍ ചിലര്‍ ഈ വിശേഷം അനീതിയാണെന്ന് പറയുന്നു. മുപ്പതിലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ തന്‍െറ സ്ഥിരം സന്ദര്‍ശകരാണെന്ന് റസ്റ്റാറന്‍റ് ഉടമയായ ദെര്‍ദാബി നബീല്‍ പറഞ്ഞു. ഇവരൊക്കെ ഐക്യത്തോടെയാണ് ഇവിടെ കഴിയുന്നത്. പൊലീസ് റെയ്ഡ് നടന്ന ആദ്യ ദിനത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അനേകം പൊലീസുകാരെയും ആയുധങ്ങളും കാണാമായിരുന്നു. ഇതുപോലൊന്നു ഞങ്ങള്‍ കാണുന്നത് ആദ്യമായാണ്. പ്രശ്നങ്ങളൊന്നുമില്ലാത്ത നാടാണിത്.’
ഇങ്ങനെയാണെങ്കിലും തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട ചരിത്രം ഈ നാടിനുണ്ട്. ഷാര്‍ലി എബ്ദോ വാരികയുടെ ഓഫിസില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നും ഇവിടെ റെയ്ഡ് നടന്നിരുന്നു. ബെല്‍ജിയത്തില്‍നിന്ന് ഫ്രാന്‍സിലേക്കുള്ള അതിവേഗ ട്രെയിനില്‍ സ്ഫോടനം നടത്താനുള്ള വിഫല ശ്രമത്തിലെ മുഖ്യ സൂത്രധാരന്‍ മൊളെന്‍ബീക്കിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. കഴിഞ്ഞ വര്‍ഷം ബ്രസല്‍സിലെ ജൂത മ്യൂസിയത്തില്‍ ആക്രമണം നടത്തി നാലു പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയും ഇവിടെ കഴിഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിലെ ഒരു വിചിത്ര പ്രദേശമാണ് മോളെന്‍ബീക് എന്ന് ബ്രസല്‍സിലെ ഇന്‍റലിജന്‍റ്സ് ഉദ്യോഗസ്ഥനായ ക്ളോഡ് മോണിക്വിറ്റ് പറഞ്ഞു. കുടിയേറ്റക്കാരാണ് ഇവിടുത്തെ താമസക്കാരില്‍ ഭൂരിഭാഗവും. ഇവരില്‍ പകുതിയോളം പേരും മുസ്ലിംകളാണ്. ചില ഭാഗങ്ങളില്‍ 70-80 ശതമാനം പേരും മുസ്ലിംകളാണ്.
ഐ.എസ് ഭീകര സംഘടനയില്‍ ചേരാന്‍ ബെല്‍ജിയത്തില്‍നിന്നുപോയ യുവാക്കളില്‍ ഭൂരിഭാഗവും മൊളെന്‍ബീക്കില്‍നിന്നാണെന്ന് ബെല്‍ജിയം ആഭ്യന്തര മന്ത്രി ജാന്‍ ജംബോന്‍ പറഞ്ഞു. സിറിയയിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പോകുന്നവരില്‍ അധികവും ഇവിടെനിന്നാണ്.
എന്നാല്‍, തീവ്രവാദത്തിന്‍െറ കളിത്തൊട്ടിലെന്ന് നാടിനെ വിശേഷിപ്പിക്കുന്നതിനെതിരെ ചിലര്‍ രോഷം പ്രകടിപ്പിച്ചു. ചിലരുടെ ദുഷ്പ്രവൃത്തികള്‍ എക്കാലവും നാടിന് അപകീര്‍ത്തിയായി നില്‍ക്കരുതെന്നാണ് ഇവരുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.