ഭീകരവാദികൾ കൊന്നവരിൽ മുസ്ലിം സഹോദരിമാരും
text_fieldsപാരിസ്: ‘രക്തപ്പുഴ ഒഴുക്കുന്നത് നല്ലതല്ല, എന്നാൽ അമുസ്ലിംകളെ കൊന്നൊടുക്കുന്നത് സന്തോഷകരമായ കാര്യമാണ്’–പാരിസ് ഭീകരാക്രമണത്തിെൻറ സൂത്രധാരകരിലൊരാൾ ഇങ്ങനെ പറയുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടിരുന്നു. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞത് വിശ്വാസികളുടേതുകൂടിയാണ്. അതിന് എന്തു ന്യായീകരണമാണ് അവർ പറയുക? –കൊല്ലപ്പെട്ടവരിലൊരാളുടെ ബന്ധു ചോദിക്കുന്നു. കൊല്ലപ്പെട്ടവരിൽ മുസ്ലിം മതവിശ്വാസികളായ റസ്റ്റാറൻറ് ജീവനക്കാരും റിസപ്ഷനിസ്റ്റും ആർകിടെക്ടും സംഗീതജ്ഞനുമുണ്ട്. അവരിൽ പലരും പഠനം കഴിഞ്ഞ് ജോലിതേടിയാണ് പാരിസിലെത്തിയത്.
ലാ ബെല്ലാ റസ്റ്റാറൻറിൽ ജീവൻ പൊലിഞ്ഞ 19 പേരിൽ ഹൗദ, ഹലീമ സഹോദരിമാരുമുണ്ടായിരുന്നു. തുനീഷ്യൻ വംശജരാണ് ഇവർ. റസ്റ്റാറൻറ് ജിവനക്കാരിയായിരുന്ന ഹൗദ ഹാദി, സഹോദരി ഹലീമക്കും 10ഓളം സുഹൃത്തുക്കൾക്കുമൊപ്പ ം തെൻറ 35ാം പിറന്നാളാഘോഷിക്കാനാണ് പാരിസിലെ ലാ ബെല്ലാ റസ്റ്റാറൻറിലെത്തിയത്. ഭർത്താവിനെയും ഏഴും രണ്ടും വയസ്സുള്ള രണ്ടു മക്കളെയും അനാഥരാക്കിയാണ് ഹലീമ വെടിയുണ്ടയേറ്റ് പിടഞ്ഞുവീണത്. ‘ഞങ്ങൾ എട്ടുപേരായിരുന്നു. അതിൽ രണ്ടുപേർ പോയി. കുടുംബമാണ് ഞങ്ങൾക്കെല്ലാം. മാതാപിതാക്കൾ ഇപ്പോഴും ആഘാതത്തിൽനിന്ന് മോചിതരായിട്ടില്ല’ –ഹലീമയുടെയും ഹൗദയുടെയും സഹോദരൻ അബ്ദുല്ല ഹാദി നിറകണ്ണുകളോടെ പറയുന്നു.
ആക്രമണം നടക്കുന്ന സമയത്ത് മറ്റൊരു സഹോദരൻ റസ്റ്റാറൻറിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ ശബ്ദം കേട്ട് പുറത്തുവന്നപ്പോഴേക്കും കൃത്യം നിർവഹിച്ച് അക്രമികൾ രക്ഷപ്പെട്ടിരുന്നു. വാതിൽ കടന്ന് പുറത്തെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഹലീമയെ കണ്ടത്. ഒരു നിമിഷം ശ്വാസം നിലച്ചുപോയ ഖാലിദ് സുഹൃത്തിെൻറ സഹായത്തോടെ അവരുടെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. വയറിന് വെടിയേറ്റ ഹൗദ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. തുനീഷ്യയിലെ തുറമുഖനഗരത്തിൽനിന്നുള്ളവരാണ് ഈ കുടുംബം. ഇരു സഹോദരിമാരും കഠിനാധ്വാനത്തിെൻറ പര്യായമായിരുന്നെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. ‘അവർ തീവ്രവാദികളാണ്. ഇസ്ലാമിെൻറ പേരിൽ നടത്തുന്ന അക്രമം മതത്തിന് ഒന്നും നൽകുന്നില്ല, ചീത്തപ്പേരുകളല്ലാതെ’ –തുനീഷ്യക്കാരനായ തൊഴിലാളി പറയുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ട ജമീല ഹൗദ് റിസപ്ഷനിസ്റ്റായി ജോലിനോക്കുകയായിരുന്നു. എട്ടു വയസ്സുകാരിയുടെ ഉമ്മയെയാണ് അക്രമികൾ ഇല്ലാതാക്കിയത്. അൽജീരിയയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിയതാണ് അവരുടെ കുടുംബം. ഫ്രാൻസിലെ മുസ്ലിംകൾ ഈ തീവ്രവാദികളെ നഖശിഖാന്തം എതിർക്കുമെന്ന് അവരുടെ സഹോദരി തസാദിത് പറയുന്നു. ‘തീവ്രവാദികൾ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നില്ല. അവരുടെ നാശത്തിന് ഫ്രാൻസ് തയാറെടുത്തുകഴിഞ്ഞു’. പാരിസിൽ കെമിസ്റ്റായി ജോലിചെയ്യുന്ന അസ്ത ദൈകിതിനും അക്രമികളുടെ തോക്കിൻമുനമ്പിൽ ജീവൻ നഷ്ടപ്പെട്ടു. ഫ്രഞ്ച് ഫുട്ബാളറായ ലസാന ദിയറയുടെ ബന്ധുവാണ്. ആക്രമണം നടക്കുമ്പോൾ ദിയറ കളിക്കളത്തിലായിരുന്നു. ആർകിടെക്ട് മുഹമ്മദ് അമീൻ ഇബ്ഹോൽ മുബാറക് ഇരകളിലൊരാളാണ്. മൊറോകോ സ്വദേശിയാണ് ഈ 28കാരൻ. ലെ കരീലോൺ കഫെയിൽവെച്ചാണ് മുബാറകിന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.
സംഗീതത്തിൽ ശോഭയാർന്ന ഭാവി സ്വപ്നംകണ്ട 29കാരനായ അൽജീരിയക്കാരൻ ഖൈറുദ്ദീൻ സഹ്ബിക്ക് അക്രമികളുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞു വീഴാനായിരുന്നു വിധി. വയലിനിസ്റ്റായിരുന്നു ഖൈറുദ്ദീൻ. വീട്ടിലേക്കുള്ള യാത്രയിലാണ് അക്രമികൾ ഇദ്ദേഹത്തെ വെടിവെച്ചുകൊന്നത്. പാരിസ് ഭീകരാക്രമണത്തെ തുടർന്ന് ആകെ ജനസംഖ്യയുടെ 50 ലക്ഷം വരുന്ന മുസ്ലിംകൾ ഭീതിയുടെ നിഴലിലാണ് ഇപ്പോൾ കഴിയുന്നത്. ഫ്രാൻസിൽ ആഭ്യന്തരയുദ്ധമുണ്ടാക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.