ബുര്‍കിനി നിരോധം നീക്കിയ കോടതി വിധി: ഫ്രാന്‍സില്‍ വിവാദം കൊഴുക്കുന്നു
text_fieldsപാരിസ്: ഫ്രാന്‍സിലെ നിരവധി നഗരങ്ങളില്‍ നടപ്പാക്കിയ ബുര്‍കിനി നിരോധം കോടതി റദ്ദാക്കിയതിനു പിന്നാലെ ഇതുസംബന്ധിച്ച സംവാദങ്ങള്‍ കൊഴുക്കുന്നു. രാജ്യത്തെ ഉന്നത കോടതി വില്ലന്യൂവ്-ലോബെറ്റ് പ്രദേശത്ത് നടപ്പാക്കിയ നിരോധമാണ് പൗരാവകാശങ്ങളുടെ ലംഘനമാണെന്നു വിലയിരുത്തി റദ്ദാക്കിയത്. വിധിയെ തുടര്‍ന്ന് 30ഓളം നഗരങ്ങളിലെ മേയര്‍മാര്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ ചില നഗരസഭള്‍ നിരോധം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നീസ്, ഫ്രെജൂസ്, സിസ്കോ തുടങ്ങിയ നഗരങ്ങളിലാണ് നിരോധം തുടരുമെന്ന് അറിയിച്ചത്. എന്നാല്‍, നിരോധം ഏറെനാള്‍ തുടരാന്‍ കഴിയില്ളെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. അതിനിടെ, വെള്ളിയാഴ്ചത്തെ വിധി സമ്പാദിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകന്‍ എല്ലാ പട്ടണങ്ങളിലെയും നിരോധം കോടതിയില്‍ ചോദ്യംചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബീച്ചുകളില്‍ ശരീഅ നിയമമാണോ അല്ല ഫ്രാന്‍സിലെ നിയമമാണോ നടപ്പാക്കേണ്ടതെന്ന് നാം തീരുമാനിക്കേണ്ടതുണ്ടെന്ന് വിധിയെക്കുറിച്ച് വില്ലന്യൂവ്-ലോബെറ്റ് മേയര്‍ ലയണല്‍ ലൂക പ്രതികരിച്ചു. പൊതുമണ്ഡലത്തില്‍ രാഷ്ട്രീയ ഇസ്ലാമിന് സ്വീകാര്യത നല്‍കുന്നതാണ് വിധിയെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് നിരോധത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെ, ഫ്രാന്‍സിലെ പൊതുസമൂഹം നിരോധത്തെ അനുകൂലിക്കുകയാണെന്ന അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കോടതി വിധിയോടെ ബുര്‍കിനി വിവാദത്തിന്‍െറ അവസാനമാകില്ളെന്ന് രാഷ്ട്രീയ നേതൃത്വത്തിന്‍െറ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. പൂര്‍ണമായി നിരോധിക്കുന്നതിന് ഇപ്പോള്‍ തന്നെ ശക്തമായ സമ്മര്‍ദം ഉയര്‍ന്നുകഴിഞ്ഞു. അടുത്ത് വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമന്‍ റൈറ്റ്സ് ലീഗ് എന്ന കൂട്ടായ്മയുടെ അഭിഭാഷകന്‍ പാട്രിസ് സ്പിനോസിയും ഫ്രാന്‍സിലെ ഇസ്ലാമോഫോബിയ വിരുദ്ധ കൂട്ടായ്മയുമാണ് നിരോധത്തിനെതിരെ കോടതിയെ സമീപിച്ചത്.
ഗൗരവമുള്ളതും വ്യക്തമായ മൗലികാവകാശ ലംഘനവുമാണ് ബുര്‍കിനി നിരോധമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. വിധി വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭാവിയിലും ഉപയോഗിക്കപ്പെട്ടേക്കുമെന്നാണ് മനുഷ്യാവകാശ വൃത്തങ്ങള്‍ വിലയി
രുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.