യുദ്ധം അവസാനിക്കുമെന്ന പ്രത്യാശയില്‍ സിറിയന്‍ ജനത
text_fieldsബര്‍ലിന്‍: സിറിയയില്‍ ആഭ്യന്തരകലാപം അവസാനിപ്പിക്കുന്നതിനായി ഒരാഴ്ചക്കകം വെടിനിര്‍ത്തലിന് മ്യൂണിക്കില്‍ യു.എന്‍ മധ്യസ്ഥതയില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ (സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പ്) ധാരണയായി. സിറിയന്‍ ജനതക്ക് പ്രതീക്ഷ പകരുന്നതാണ് തീരുമാനം. അതേസമയം ഐ.എസിനും നുസ്റ ഫ്രന്‍റിനുമെതിരായ സന്ധിയില്ലാസമരം തുടരും. സിറിയയിലെ ഉപരോധഗ്രാമങ്ങള്‍ക്ക് സഹായംവര്‍ധിപ്പിക്കാന്‍ 17 രാജ്യങ്ങളിലെ പ്രതിനിധികളുടെ സംഘം തീരുമാനിച്ചു.
അലപ്പോയില്‍ റഷ്യന്‍ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം മുന്നേറ്റംതുടരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. പ്രഖ്യാപനത്തെ വിമതസംഘം സ്വാഗതംചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാണെങ്കില്‍ ജനീവയില്‍ നടക്കുന്ന സമാധാനചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് വിമതസംഘങ്ങളുടെ പ്രതിനിധി സലിം അല്‍ മുസ്ലത് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചുവര്‍ഷമായി തുടരുന്ന കലാപം ദശലക്ഷക്കണക്കിനുപേരുടെ പലായനത്തിനും പതിനായിരങ്ങളുടെ അകാലമൃത്യുവിനുമിടയാക്കി. വെടിനിര്‍ത്തല്‍ സംബന്ധിച്ച് കടലാസില്‍ ഒപ്പുവെച്ചത് സിറിയന്‍ മണ്ണില്‍ പ്രായോഗികമാണെന്ന് കാണിച്ചുകൊടുക്കാന്‍ അംഗങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. വിമതര്‍ക്കെതിരെ ബശ്ശാര്‍ സൈന്യത്തിന് പിന്തുണ റഷ്യ പിന്‍വലിച്ചാല്‍ ലക്ഷ്യത്തിന്‍െറ പാതി പൂര്‍ത്തിയാവുമെന്ന് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹേമന്ദ് വാദിച്ചു. സിറിയയിലെ ഉപരോധ ഗ്രാമങ്ങള്‍ക്ക് സഹായവിതരണം 24 മണിക്കൂറിനകം നല്‍കിത്തുടങ്ങുമെന്ന് യു.എന്‍. പോരാട്ടം തുടരുന്നതിനാല്‍ ചില മേഖലകളില്‍ സഹായവിതരണം തടസ്സപ്പെട്ടിരിക്കയാണ്.
കരയുദ്ധം മൂന്നാംലോകയുദ്ധത്തിന് കാരണമാകുമെന്ന് റഷ്യ
മ്യൂണിക്: സിറിയയില്‍ ലോകരാജ്യങ്ങള്‍ കരയുദ്ധത്തിന് തയാറായാല്‍ മൂന്നാംലോകയുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് മുന്നറിയിപ്പുനല്‍കി. ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സൗദിയുടെ പ്രഖ്യാപനത്തെക്കുറിച്ച ചോദ്യത്തിന് മറുപടിയായി മെദ്വ്യദെവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കരയുദ്ധത്തിനായി എടുത്തുചാടുംമുമ്പ് ഇക്കാര്യം അമേരിക്കയും സഖ്യകക്ഷികളും ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയില്‍ റഷ്യയുമായി സഹകരിക്കാത്ത പടിഞ്ഞാറന്‍ ശക്തികളുടെ നയത്തെയും അദ്ദേഹം വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.