മോദി സ്വിറ്റ്സർലന്‍റിൽ; എൻ.എസ്.ജി പ്രവേശത്തിന് പിന്തുണ ആവശ്യപ്പെടും
text_fieldsജനീവ: വിദേശ രാഷ്ട്ര സന്ദർശനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സർലൻഡിലെത്തി. സന്ദർശനത്തിൽ ആണവ വിതരണ കൂട്ടായ്മ (എൻ.എസ്.ജി)യിലേക്കുള്ള പ്രവേശത്തിന് സ്വിസ് പിന്തുണ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. എൻ.എസ്.ജിയിലെ ഒരു പ്രധാന അംഗമാണ് സ്വിറ്റ്സർലാൻഡ്. കൂടാതെ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ആരായും. അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ദോഹയിൽ നിന്നുമാണ് മോദി ഇന്ന് സ്വിറ്റ്സർലൻഡിലെത്തിയത്.
യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലൊന്നായി സ്വറ്റ്സർലാൻഡിനെ മോദി വിശേഷിപ്പിച്ചിരുന്നു. ഈ സന്ദർശനത്തിൽ ജനീവയിലെ പ്രമുഖരായ വ്യവസായികളെ സന്ദർശിക്കുകയും സാമ്പത്തിക-നിക്ഷേപ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. സേണിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെ കാണും. മനുഷ്യകുലത്തിന് നന്മക്കായി ശാസ്ത്രമേഖലയുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇവരെക്കുറിച്ചോർത്ത് ഇന്ത്യക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അധികാരത്തിൽ വന്നശേഷമുള്ള നാലാമത്തെ സന്ദർശനത്തിനായി മോദി ഇന്ന് യു.എസിലേക്ക് തിരിക്കും. സുരക്ഷ, പ്രതിരോധ രംഗത്തെ സഹകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചർച്ചാവിഷയമാകും. എട്ടിന് യു.എസ് കോൺഗ്രസിന്‍റെ സംയുക്തസമ്മേളനത്തിൽ മോദി പ്രഭാഷണം നടത്തും. കോൺഗ്രസിന്‍റെ സംയുക്തയോഗത്തിൽ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും മോദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.