രാജ്യത്തിന് പുതിയ കപ്പിത്താന്‍ വേണം –കാമറണ്‍
text_fields‘‘സംശയരഹിതമാണ് ഹിതപരിശോധനാഫലം. ബ്രിട്ടീഷ് ജനത സ്വയം കൈക്കൊണ്ട ഈ തീരുമാനത്തെ ലോകമൊന്നടങ്കം വീക്ഷിച്ചുവരുകയായിരുന്നു. ബ്രിട്ടീഷ് വിപണി അടിസ്ഥാനപരമായി കരുത്താര്‍ന്നതാണെന്ന് ലോകത്തെ ഇതര വിപണന കേന്ദ്രങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു. ഇവിടെ കഴിയുന്ന ഇ.യു പൗരന്മാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഞാന്‍ വേറൊരു കാര്യംകൂടി ഉറപ്പുനല്‍കുന്നുണ്ട്. നിങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ ഹിതപരിശോധനാ ഫലം ഉടനടി ഒരു പ്രതികൂല മാറ്റത്തിനു കാരണമാകില്ല എന്നാണ് എനിക്ക് നല്‍കാനുള്ള ആ ഉറപ്പ്. സേവന-വേതന വ്യവസ്ഥകളിലോ യാത്രകള്‍ക്കോ ചരക്കുഗതാഗതത്തിലോ വ്യതിയാനങ്ങള്‍ വരുത്തുന്ന പ്രശ്നമില്ല. ഇ.യു ഭാരവാഹികളുമായി പുതിയ സംഭാഷണങ്ങള്‍ക്ക് തയാറെടുക്കുകയാണ് ബ്രിട്ടന്‍. സ്കോട്ടിഷ്- വെല്‍ഷ്-ഐറിഷ് ഗവണ്‍മെന്‍റുകളുടെ പങ്കാളിത്തത്തോടെയാകും ചര്‍ച്ചകള്‍. എല്ലാറ്റിനുമുപരി ഇത്തരം സംഭാഷണങ്ങള്‍ ഇച്ഛാശക്തിയും പ്രതിബദ്ധതയുമുള്ള നേതൃത്വത്തിന് അനുപേക്ഷ്യമാണ്. ആറുവര്‍ഷമായി ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദവി കൈയാളുന്നതില്‍ എനിക്ക് അത്യധികം അഭിമാനമുണ്ട്.
നിര്‍ണായക തീരുമാനങ്ങളെ നാം ധീരമായിത്തന്നെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഹിതപരിശോധനയുടെ പ്രചാരണങ്ങളില്‍ ഞാന്‍ ആവേശപൂര്‍വമാണ് പങ്കാളിയായത്. എന്‍െറ മനസ്സിലും മസ്തിഷ്കത്തിലും ആത്മാവിലും ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്കുവേണ്ടി ഞാന്‍ പൊരുതുകതന്നെ ചെയ്തു. ഒന്നും ഞാന്‍ ഒളിച്ചുവെച്ചിരുന്നില്ല. ഇ.യുവിനകത്ത് ശക്തവും സുരക്ഷാപൂര്‍ണവും ഭദ്രവുമായ രാജ്യമായി ബ്രിട്ടന് നിലനില്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍, വ്യത്യസ്തമായ ഒരു പാത സ്വീകരിക്കാനാണ് ബ്രിട്ടീഷ് ജനത തീരുമാനിച്ചിട്ടുള്ളത്. ഈ ഘട്ടത്തില്‍ ബ്രിട്ടനെ നയിക്കാന്‍ പുതിയ നേതൃത്വം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ നാടിന്‍െറ ക്ഷേമത്തിന് പരമാവധി പരിശ്രമിക്കാന്‍ ഞാന്‍ സര്‍വാത്മനാ സന്നദ്ധനായിരിക്കും. എന്നാല്‍, ഈ കപ്പലിന് പുതിയ കപ്പിത്താന്‍ അനിവാര്യമായിരിക്കുന്നു. ആലോചിക്കാതെ കൈക്കൊണ്ട തീരുമാനമല്ല എന്‍േറത്. രാഷ്ട്രതാല്‍പര്യം മുന്‍നിര്‍ത്തിയാണ് എന്‍െറ തീരുമാനം. ഒക്ടോബറില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിലെങ്കിലും പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടതുണ്ട്. സ്ഥിരത നിലനിര്‍ത്താന്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഏതാനും മാസങ്ങള്‍കൂടി ഞാന്‍ പദവിയില്‍ തുടരും. തിങ്കളാഴ്ച ചേരുന്ന കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാം. പുതിയ പ്രധാനമന്ത്രിയായിരിക്കും യൂറോപ്യന്‍ യൂനിയനുമായി ഭാവിസംഭാഷണങ്ങള്‍ നടത്തുക. ഞാന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു. രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിലൂടെ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നു. ഈ മഹത്തായ രാജ്യത്തിന്‍െറ വിജയങ്ങള്‍ക്കായി ഭാവിയിലും സാധ്യമായതെല്ലാം ഞാന്‍ നിര്‍വഹിക്കും’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.