നിയമ ഭേദഗതി: തുർക്കി പാർലമെന്‍റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
text_fieldsഅങ്കാറ: തുർക്കി പാർലമെന്‍റിൽ വീണ്ടും ഭരണ-പ്രതിപക്ഷ കക്ഷികൾ ഏറ്റുമുട്ടി. ഭരണകക്ഷിയായ അക് പാർട്ടി അംഗങ്ങളും പ്രധാന പ്രതിപക്ഷമായ എച്ച്.ഡി.പി അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. എം.പിമാരെ വിചാരണ ചെയ്യുന്നതിനുള്ള നിയന്ത്രണം പിൻവലിക്കണമോ എന്ന ചർച്ച നടക്കുന്നതിനിടെയായിരുന്നു സംഭവം.
സംഘർഷത്തിനിടെ നിരവധി അംഗങ്ങൾക്ക് നിലത്തു വീണും കുപ്പിയേറ് കിട്ടിയും പരിക്കേറ്റു. പ്രതിപക്ഷ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ ഭരണപക്ഷം ശ്രമിക്കുന്നതെന്ന് എച്ച്.ഡി.പി ആരോപിച്ചു.
കുർദ് തീവ്രവാദികളോട് ആഭിമുഖ്യം പുലർത്തുന്ന എച്ച്.ഡി.പി അംഗങ്ങൾക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. രാജ്യത്ത് നിരോധിക്കപ്പെട്ട കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയെ അനുകൂലിക്കുന്നവർ വിചാരണ നേരിടണമെന്നാണ് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉർദുഗാന്‍റെ നിലപാട്.
ഒരാൾ പാർലമെന്‍റ് അംഗം ആയിരിക്കുന്ന കാലത്തോളം കേസെടുക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ലെന്നാണ് തുർക്കി ഭരണഘടന അനുശാസിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന പാർലമെന്‍റ് സമ്മേളനവും സംഘർഷത്തിൽ കലാശിച്ചിരുന്നു. അഭയാർഥി പ്രശ്നം സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ ധാരണ ചർച്ച ചെയ്യാനായിരുന്നു സമ്മേളനം വിളിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.