യൂറോപ്യന്‍ യൂനിയന്‍ അംഗത്വം: ബ്രിട്ടന്‍ അകത്തോ പുറത്തോ?
text_fieldsലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതുസംബന്ധിച്ച് അടുത്ത മാസം രാജ്യത്ത് നടക്കുന്ന ഹിതപരിശോധനക്കായുള്ള പ്രചാരണം ചൂടുപിടിക്കുന്നു. കഴിഞ്ഞ ദിവസം, യൂറോപ്യന്‍ യൂനിയനില്‍ തന്നെ ബ്രിട്ടന്‍ തുടരേണ്ടതിന്‍െറ ആവശ്യകത വിവരിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നടത്തിയ പ്രസംഗത്തോടെയാണ് പ്രചാരണരംഗം കൊഴുത്തത്. ബ്രിട്ടന്‍ യൂനിയനില്‍നിന്ന് വേര്‍പെടുന്നതോടെ, അത് രാജ്യത്തിന്‍െറ സുരക്ഷയെ അവതാളത്തിലാക്കുമെന്ന് കാമറണ്‍ പറഞ്ഞു. എന്നാല്‍, കാമറണിനെതിരെ കടുത്ത വിമര്‍ശവുമായി പാര്‍ലമെന്‍റംഗം ബോറിസ് ജോണ്‍സന്‍ രംഗത്തത്തെി. കാലങ്ങളായി ബ്രിട്ടന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മറച്ചുവെച്ചാണ് പ്രധാനമന്ത്രിയുടെ സംസാരമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനു പുറത്ത് സ്വതന്ത്രമായി നിലനില്‍ക്കണമെന്നും ഇക്കാര്യം പ്രചരിപ്പിക്കാനായി രാജ്യം മുഴുവന്‍ പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സ്വതന്ത്ര ബ്രിട്ടന്‍’ എന്ന മുദ്രാവാക്യവുമായി യു.കെ.ഐ.പി ഉള്‍പ്പെടെയുള്ള കക്ഷികളും പ്രചാരണ രംഗത്തുണ്ട്.
ജൂണ്‍ 23നാണ് ഹിതപരിശോധന. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍തന്നെ തുടരണമോ എന്ന ചോദ്യത്തിലാണ് ജനാഭിപ്രായം തേടുന്നത്. പതിറ്റാണ്ടുകളായി യൂറോപ്യന്‍ യൂനിയനു കീഴില്‍ ബ്രിട്ടന്‍ അനുഭവിക്കുന്ന സുരക്ഷയും സമാധാനവും ചൂണ്ടിക്കാട്ടിയാണ് കാമറണും സംഘവും പ്രചാരണം നടത്തുന്നത്. അദ്ദേഹത്തിന്‍െറ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണുള്ളത്. അതേസമയം, ലേബര്‍ പാര്‍ട്ടി, എസ്.എന്‍.പി തുടങ്ങിയ കക്ഷികള്‍ നിലവിലെ സ്ഥതി തുടരണമെന്ന അഭിപ്രായക്കാരാണ്.
യു.കെ.ഐ.പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ എതിര്‍പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ യൂറോപ്യന്‍ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍നിന്ന് വിജയിച്ച യു.കെ.ഐ.പി മേയിലെ പൊതുതെരഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ടു നേടി നിര്‍ണായക സ്വാധീനം നേടിയിട്ടുണ്ട്. ഈ പാര്‍ട്ടിക്കു പുറമെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരുടെയും മറ്റും പിന്തുണയുമുണ്ട് ഇവര്‍ക്ക്. യൂറോപ്യന്‍ യൂനിയന്‍െറ നയങ്ങള്‍ക്കു വഴങ്ങുന്നതുകാരണം, രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതകള്‍ വരുന്നുവെന്നാണ് ബ്രിട്ടന്‍ സ്വതന്ത്രമാകേണ്ടതിന്‍െറ കാരണമായി ഇവര്‍ വിശദീകരിക്കുന്നത്. ഇതിനുപുറമെ, അതിര്‍ത്തിയുടെ നിയന്ത്രണവും രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന്‍െറ ഫലമായാണ് കുടിയേറ്റങ്ങള്‍ വര്‍ധിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
2012ല്‍, ഹിതപരിശോധന ആവശ്യപ്പെട്ട് ഒരു വിഭാഗം സംഘടനകള്‍ രംഗത്തത്തെിയിരുന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. എന്നാല്‍, തൊട്ടടുത്ത വര്‍ഷം, 2017നു മുമ്പായി ഹിതപരിശോധന നടത്തുമെന്ന് കാമറണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലത്തെിയ കാമറണ്‍ ഹിതപരിശോധനക്കായുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കി. ഹിതപരിശോധന സംബന്ധിച്ച് കാമറണിന്‍െറ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്ത് കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും വിഷയത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് തീരുമാനിച്ചത്. വോട്ട് ലീവ്, ഗ്രാസ് റൂട്ട് ഒൗട്ട് തുടങ്ങിയ ബാനറുകള്‍ക്ക് കീഴിലാണ് ‘സ്വാതന്ത്ര ബ്രിട്ടന്‍വാദികള്‍’ അണിനിരിക്കുന്നത്. സ്വതന്ത്ര ബ്രിട്ടനായി പ്രത്യേക ദേശീയ ഗാനങ്ങളൊരുക്കിയാണ് ഇവരുടെ പ്രചാരണം. കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, ബ്രിട്ടന്‍ യൂറോപ്പില്‍തന്നെ തുടരണമെന്ന അഭിപ്രായത്തിനാണ് നേരിയ മുന്‍തൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.