700ലേറെ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്
text_fieldsആതന്‍സ്: ലിബിയയില്‍നിന്ന് ഇറ്റലിയിലേക്കുള്ള മൂന്നു കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 700ലേറെ അഭയാര്‍ഥികള്‍ മരിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് ദുരന്തം നടന്നത്. ബുധനാഴ്ചയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 600ലേറെ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് കടലിലേക്ക് മറിയുകയായിരുന്നു. ഈ ബോട്ടിന് എന്‍ജിനുണ്ടായിരുന്നില്ല. കൂടുതല്‍ പേരുടെയും മൃതദേഹം കണ്ടത്തെിയിട്ടില്ല. അടുത്ത രണ്ടു ദിവസങ്ങളിലും അപകടങ്ങള്‍ ആവര്‍ത്തിച്ചു. മൂന്ന് അപകടങ്ങളിലുമായി 700ലേറെ പേരാണ് മരിച്ചത്. മുങ്ങിമരിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മുങ്ങിമരിക്കുമെന്നറിയാമായിരുന്നിട്ടും യുദ്ധമുഖങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അഭയാര്‍ഥികള്‍ കടല്‍മാര്‍ഗം തെരഞ്ഞെടുക്കുകയാണെന്ന് യു.എന്‍ വക്താവ് കാര്‍ലോത്ത സമി പറഞ്ഞു. ‘എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായി ഞങ്ങള്‍ക്ക് ധാരണയില്ല. അവര്‍ ഏതു രാജ്യക്കാരാണെന്നും അറിയില്ല. രക്ഷപ്പെട്ടവരാണ് 500ലേറെ പേര്‍ മരിച്ചിട്ടുണ്ടാവുമെന്ന് പറഞ്ഞത്’ -സമി ട്വിറ്ററില്‍ കുറിച്ചു.
ബുധനാഴ്ച 1100ഓളം അഭയാര്‍ഥികള്‍ രണ്ടു ബോട്ടുകളിലായി യാത്രതിരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അനധികൃതമായാണ് വേണ്ടത്ര സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ഇവരെ കടത്തുന്നത്. കൂടുതലും കുട്ടികളാണ് ദുരന്തത്തിന് ഇരയായത്. അപകടത്തില്‍പെട്ട 79 പേരെ രക്ഷപ്പെടുത്തി. 60ലേറെ പേരുടെ മൃതദേഹങ്ങളും ഇറ്റാലിയന്‍ തീരദേശസേന കണ്ടെടുത്തു.
യൂറോപ്പിനെ ലക്ഷ്യംവെച്ചുള്ള യാത്രയില്‍ കഴിഞ്ഞവര്‍ഷം ഏതാണ്ട് 1500 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടനിരക്കില്‍ വന്‍ വര്‍ധനവാണുള്ളത്. അഭയാര്‍ഥികളുടെ യാത്രാറൂട്ടില്‍ മാറ്റം വന്നതിനുശേഷമാണ് ഇത്തവണ അപകടം വര്‍ധിച്ചത്.
നേരത്തേ ഗ്രീസ് ലക്ഷ്യമാക്കി നീങ്ങിയിരുന്ന അഭയാര്‍ഥി ബോട്ടുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇറ്റാലിയന്‍ തീരങ്ങളിലേക്കാണ് തിരിക്കുന്നത്. ഇറ്റലിയിലേക്കുള്ള അഭയാര്‍ഥി ഒഴുക്ക് 54 ശതമാനമാണ് ഈ കാലത്തിനുള്ളില്‍ വര്‍ധിച്ചത്. ഗ്രീസിലേക്കുള്ള വരവ് 67 ശതമാനം കുറയുകയും ചെയ്തു. കഴിഞ്ഞമാസം തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് ഈ മാറ്റമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.