ഐലന്‍ കുര്‍ദി ലോകത്തെ ഓര്‍മപ്പെടുത്തുന്നത്
text_fieldsതുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ജീവനറ്റ കുരുന്നുദേഹം ഓര്‍ക്കുന്നില്ളേ? ഒരു വര്‍ഷം മുമ്പായിരുന്നു ആ കുഞ്ഞുശരീരം ലോകത്തെ ഒന്നാകെ ഉലച്ചത്. ലോകമാധ്യമങ്ങളുടെ മുഖപേജുകളില്‍ ആ കുഞ്ഞുശരീരം വാര്‍ത്തയായി. വംശീയത വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍പോലും ആ ചിത്രം കണ്ട് ഒരുനിമിഷം നടുക്കംപൂണ്ടു. ഐലന്‍ കുര്‍ദി സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ രൂക്ഷതയുടെ പ്രതിഫലനമായിരുന്നു. തുര്‍ക്കിയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിനെ ലക്ഷ്യംവെച്ച് പലായനം ചെയ്ത കുര്‍ദ് കുടുംബത്തിലെ ആ പൈതല്‍ ലോകത്തിന്‍െറ ഓമനയായി മാറുകയായിരുന്നു. ലോകം അവഗണിച്ച, ഇപ്പോഴും അവഗണിക്കുന്ന മാനുഷിക ദുരന്തത്തിന്‍െറ ഓര്‍മപ്പെടുത്തലായിരുന്നു അവന്‍. മെഡിറ്ററേനിയന്‍ കടലാഴങ്ങളില്‍ എന്നെന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന അഭയാര്‍ഥിക്കുഞ്ഞുങ്ങളുടെ പ്രതിനിധി.
ആ കുഞ്ഞുങ്ങളുടെ മരണം എവിടെയും രേഖപ്പെടുത്തപ്പെട്ടില്ല. മണലില്‍നിന്ന് മൃദുലമായി തുര്‍ക്കി പൊലീസ് അവന്‍െറ ശരീരം വാരിയെടുത്തത് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് മൈക്കല്‍ ആഞ്ജലോ വരച്ച ‘പിയേത’ എന്ന കലാസൃഷ്ടിയുടെ പുരുഷരൂപമാണെന്നാണ് എന്‍െറ പക്ഷം (പിയേത-യേശുവിന്‍െറ ശരീരം താങ്ങിയിരിക്കുന്ന മറിയത്തിന്‍െറ ചിത്രം). ഐലന്‍െറ ദാരുണ മരണത്തിനുശേഷവും മെഡിറ്ററേനിയന്‍ കടലിലൂടെ ആടിയുലഞ്ഞ ബോട്ടുകളില്‍ മരണത്തെ മുഖാമുഖം കണ്ട് അഭയാര്‍ഥി പ്രവാഹം തുടരുകയാണ്.
20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തിലാണ് അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ വെളിപ്പെട്ടുതുടങ്ങിയത്. യൂറോപ്പില്‍ 1945കളില്‍ യുദ്ധാനന്തരം കുടിയൊഴിക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരുടെ കഥകള്‍ ഒരു ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ട്രോയ് നഗരം കത്തിയെരിഞ്ഞപോലെ സിറിയയിലെ അലപ്പോയും കത്തുകയാണ്. ട്രോജന്‍ യുദ്ധത്തില്‍ പ്രയാം രാജാവിന്‍െറ നഗരം നശിപ്പിക്കപ്പെട്ടതു പോലെ തന്നെയാണ് അലപ്പോയിലെ പള്ളികളുള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കപ്പെടുന്നതെന്ന് ചിന്തിക്കുക. അതേ വേട്ടയാടല്‍തന്നെയാണ് ആ ജനത അനുഭവിക്കുന്നതും. വെടിയുണ്ടകളും ഷെല്ലുകളും ബാരല്‍ ബോംബുകളും അവരെ കൊല്ലാക്കൊല ചെയ്യുന്നു. ട്രോജന്‍ ജനതയെപ്പോലെ ഇന്ന് പശ്ചിമേഷ്യന്‍ ജനതയും ജീവനുംകൊണ്ട് പിറന്ന മണ്ണ് വിട്ടോടുന്നവര്‍തന്നെ. ദുരന്തത്തിന്‍െറ മറുവശം പരിശോധിച്ചാല്‍, അത് ഭൂതകാലത്തിന്‍െറ ചരിത്രമായിരുന്നില്ല, ഭാവിയുടേതായിരുന്നു.
ട്രോജന്‍ യുദ്ധം ഗ്രീക് ഇതിഹാസമാണെന്നത് ശരിതന്നെ. എന്നാല്‍, അതിന് മധ്യേഷ്യന്‍ രാജ്യങ്ങളിലെ കലാപങ്ങളുമായി സാമ്യമുണ്ടെന്നത് കാണാതിരുന്നുകൂടാ. സോവിയറ്റ് യൂനിയന്‍െറ പതനശേഷം ഉയര്‍ന്നുവന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍ നേരത്തേതന്നെ പ്രവചിക്കപ്പെട്ടിരുന്നു. എണ്ണ സമ്പുഷ്ടമായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ റഷ്യയും യു.എസുമാണ് സഹായിച്ചിരുന്നത്. സ്വന്തം ജനതയെതന്നെ അവര്‍ കൊന്നൊടുക്കുകയും ചെയ്തു. ഇസ്ലാം കരിമോവ്, നൂര്‍സുല്‍താന്‍ നാസര്‍ബയേവ്, ഇമാമലി റഹ്മാനോവ് എന്നീ ഭരണാധികാരികളാണ് ദൃഷ്ടാന്തം. എന്തുകൊണ്ട് മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന യുവാക്കള്‍ അമേരിക്കയിലെ ലോകവ്യാപാര സമുച്ചയം തകര്‍ത്തു? എന്തുകൊണ്ട് അഫ്ഗാന്‍ അധിനിവേശം? ഇറാഖില്‍ സദ്ദാം അധികാരത്തില്‍ എത്തിയത് എങ്ങനെ? എന്തിനായിരുന്നു ഇറാഖ് അധിനിവേശം? ഈ ചോദ്യങ്ങളൊന്നും പാടില്ല. ഇന്‍റര്‍നെറ്റ് യുഗത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നാം അവസാനിപ്പിച്ചിരിക്കുന്നു.
ഉസ്ബെകിസ്താനില്‍നിന്ന് ഇസ്ലാം കരിമോവ് വിടപറഞ്ഞിരിക്കുന്നു. നിരപരാധികളെ ജീവനോടെ തിളപ്പിക്കുന്ന തരത്തിലുള്ള ക്രൂരമായ പീഡനങ്ങള്‍ക്കായിരുന്നു ഇദ്ദേഹത്തിന്‍െറ സൈനികര്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. രാജ്യത്ത് കൂടുതല്‍ കലാപത്തിനാണ് സാധ്യത കാണുന്നത്. സിറിയയേക്കാള്‍ ജനസംഖ്യ കൂടുതലാണ് ഇവിടെ. കലാപമുണ്ടായാല്‍ അഭയാര്‍ഥികളുടെ എണ്ണവും വര്‍ധിക്കും. കൂടുതല്‍ കൂടുതല്‍ അഫ്ഗാനികളും സിറിയക്കാരും അതിര്‍ത്തി കടന്നത്തെും. അപ്പോള്‍ നാം വീണ്ടും ചോദിക്കും; അന്ന് തുര്‍ക്കി കടല്‍ത്തീരത്ത് വീണടിഞ്ഞ കുരുന്നിന്‍െറ പേരെന്തായിരുന്നു?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.