ഗർഭഛിദ്ര നിരോധനം: അയർലൻഡിൽ ഹിതപരിശോധന ഇന്ന്
text_fieldsഡബ്ലിൻ: അയർലൻഡിൽ ഗർഭഛിദ്ര നിരോധന നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള ഹിതപരിശോധന വെള്ളിയാഴ്ച നടക്കും. ഗർഭഛിദ്ര നിരോധനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും നടത്തിയ കാമ്പയിെൻറ ഫലം ഇന്നറിയാം. പ്രശ്നം വ്യക്തി സ്വാതന്ത്ര്യത്തിെൻറതാണെന്നും അല്ല, വിശ്വാസത്തിേൻറതാണെന്നുമുള്ള വാദപ്രതിവാദങ്ങളിൽ മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങൾ.
ഹിതപരിശോധന നടക്കുന്നതിനാൽ ഗൂഗ്ളും ഫേസ്ബുക്കും ഇതുസംബന്ധിച്ച പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലടക്കമുള്ള ഇടപെടലുകളെച്ചൊല്ലി ഫേസ്ബുക്ക് വിവാദത്തിൽ അകപ്പെട്ട പശ്ചാത്തലത്തിലാണ് ഗർഭഛിദ്ര നിരോധന ഹിതപരിശോധനയിലും തങ്ങളുടെ നിലപാടുകൾ സ്വാധീനിക്കുമെന്ന ആശങ്കയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
പരമ്പരാഗത റോമൻ കത്തോലിക്കൻ രാജ്യമായ അയർലൻഡിൽ അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഗർഭഛിദ്രം അനുവദിക്കുന്നില്ല. ഗർഭിണിയുടെയൊ ശിശുവിെൻറയെ ആരോഗ്യത്തിൽ ആശങ്കയുള്ളപ്പോൾ മാത്രമാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം ഗർഭഛിദ്രം അനുവദിക്കൂ. ഗർഭഛിദ്രം ആഗ്രഹിക്കുന്നവർ അയൽരാജ്യമായ ബ്രിട്ടനിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഒാൺലൈൻ വഴി ഗർഭം അലസിപ്പിക്കുന്ന മരുന്നുകൾ വാങ്ങി ഗർഭഛിദ്രം നടത്തുന്നവരും ധാരാളമുണ്ട്.
അയർലൻഡിൽ മുമ്പും ഹിതപരിശോധന നടന്നിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ സ്വാധീനവും ഒാൺലൈൻ മരുന്നുകളിലൂടെ വീടിെൻറ സ്വകാര്യതയിൽ ഗർഭഛിദ്രം നടത്താനാകുന്ന സാഹചര്യവുമാണ് ഇത്തവണത്തെ ഹിതപരിശോധനയെ വ്യത്യസ്തമാക്കുന്നത്. ഇരുവിഭാഗവും കൊണ്ടുപിടിച്ച പ്രചാരണമാണ് നടത്തിയത്. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ടിഷർട്ടുകളണിഞ്ഞ് ഡബ്ലിനിൽ പ്രകടനങ്ങളുമുണ്ടായിരുന്നു. പുതിയ തലമുറയിൽ നിരോധനം എടുത്തുകളയണമെന്ന വാദക്കാരാണ് കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.