അലപ്പോ വന്‍നാശത്തിലേക്ക്: വെടിനിര്‍ത്തൽ നിര്‍ദേശം തള്ളി
text_fieldsഡമസ്കസ്: സിറിയയില്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള അലപ്പോ നഗരം തിരിച്ചുപിടിക്കാന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ സൈന്യം നടപടികള്‍ ശക്തമാക്കിയതോടെ മേഖലയില്‍ സ്ഥിതി കൂടുതല്‍ വഷളായി. ഒരാഴ്ചയോളമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള യു.എന്‍ ശ്രമങ്ങള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതോടെ ചരിത്രനഗരം വന്‍നാശത്തിലേക്ക് നീങ്ങുകയാണെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുവാലമുമായി യു.എന്‍ പ്രതിനിധി സ്റ്റഫാന്‍ മിസ്തൂറ ബൈറൂത്തില്‍ നടത്തിയ ചര്‍ച്ചയാണ് കഴിഞ്ഞദിവസം തീരുമാനമാകാതെ പിരിഞ്ഞത്.
വിമത സൈന്യത്തിന് മേഖലയില്‍ താല്‍ക്കാലിക അധികാരം നല്‍കി ഇടക്കാല വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു യു.എന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സിറിയന്‍ സര്‍ക്കാര്‍, വിമതര്‍ ഒഴിഞ്ഞുപോവുക എന്ന ഒറ്റ പ്രതിവിധിമാത്രമാണ് പരിഹാരമാര്‍ഗമെന്ന നിലപാട് ആവര്‍ത്തിച്ചു. ഒഴിഞ്ഞുപോയില്ളെങ്കില്‍ വ്യോമാക്രമണം ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും വാലിദ് മുന്നറിയിപ്പ് നല്‍കി.
അലപ്പോയില്‍ മൂന്നു ലക്ഷത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യു.എന്‍ കണക്ക്. റഷ്യന്‍ സഹായത്തോടെയുള്ള ബശ്ശാര്‍ സൈന്യത്തിന്‍െറ വ്യോമാക്രമണം തുടരുന്നതിനാല്‍ പലായനം സാധ്യമാകുന്നില്ല. ഒരാഴ്ചക്കിടെ 200ഓളം ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. മേഖലയില്‍ സന്നദ്ധപ്രവര്‍ത്തനവും ആഴ്ചകളായി നടക്കുന്നില്ല. നഗരത്തിലെ ആശുപത്രികളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും ലക്ഷ്യമാക്കിയാണ് ബശ്ശാര്‍ സേന മുഖ്യമായും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച നഗരത്തിലെ നാല് ആശുപത്രികളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഇവ നാലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ നഗരത്തിലെ അവസാനത്തെ ആശുപത്രിയും ബശ്ശാര്‍-റഷ്യന്‍ സേന തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മറ്റുമായി പ്രാഥമിക ചികിത്സപോലും നടത്താന്‍ ഇപ്പോള്‍ സാധ്യമല്ല. ജൂലൈക്കുശേഷം, ആശുപത്രികള്‍ കേന്ദ്രീകരിച്ചുമാത്രം ഇവിടെ 30ലേറെ സ്ഫോടനങ്ങള്‍ നടന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രന്‍ഡിയേഴ്സ് നേതൃത്വം അറിയിച്ചു.
അതിനിടെ, അലപ്പോയിലെ സ്ഥിതിഗതികളില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആശങ്ക അറിയിച്ചു. പെറുവില്‍ ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തന്‍െറ ആശങ്ക പങ്കുവെച്ചത്. സിറിയയുടെ ഭാവിയില്‍ തനിക്ക് ശുഭാപ്തി വിശ്വാസമില്ളെന്ന് ഒബാമ പറഞ്ഞു. സിറിയയില്‍ റഷ്യയും ഇറാനും ഇടപെട്ടതോടെ സ്ഥിതി സങ്കീര്‍ണമായെന്നും നിരവധി പേരുടെ മരണത്തിന് ഇത് കാരണമായെന്നും ഒബാമ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.