പാരിസ് ഉടമ്പടി: വിട്ടുവീഴ്ചക്കില്ല –മെർകൽ
text_fieldsബെർലിൻ: ആഗോളതാപനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറാൻ അമേരിക്ക തീരുമാനിച്ചതോടെ കരാറിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാൻ യൂറോപ്യൻ യൂനിയൻ കൂടുതൽ പ്രതിജ്ഞാബദ്ധമാണെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ. ഇക്കാര്യത്തിൽ ഒരു തിരിച്ചുപോക്കിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും അവർ അസന്ദിഗ്ധമായി വ്യക്തമാക്കി. ജർമൻ പാർലമെൻറിൽ സംസാരിക്കുകയായിരുന്നു മെർകൽ. ജൂലൈ ഏഴ്, എട്ട് ദിവസങ്ങളിൽ ജർമനിയിലെ ഹാംബർഗിലാണ് ജി. 20 ഉച്ചകോടി ചേരുന്നത്.
പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ഉച്ചകോടിയിൽ നടക്കുന്ന ചർച്ചകൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്നും തുറന്നവിപണിക്കും ഉഭയകക്ഷി വ്യാപാരത്തിനും സമ്മേളനം പച്ചക്കൊടി കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കാലാവസ്ഥവ്യതിയാനം ലോകത്തിനുമുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കാണില്ല. സമുദ്രനിരപ്പ് ഉയരുന്നതിലൂടെ ആപത്ഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളുടെ ആശങ്കകൾ ലോകനേതാക്കളുടെ മനസ്സിലുണ്ടാകണം. പാരിസ് ഉടമ്പടിയുടെ അന്തസ്സത്ത സംരക്ഷിക്കുന്ന ചർച്ചകളാണ് ഹാംബർഗിൽ നടക്കേണ്ടത്.
ഒറ്റപ്പെടൽ നയം സ്വീകരിച്ചോ സ്വയം സംരക്ഷണവാദം ഉന്നയിച്ചോ ലോകത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നത് അതിഗുരുതരമായ പിഴവായിരിക്കുമെന്നും മെർകൽ കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ ‘അമേരിക്ക ഫസ്റ്റ്’ നയത്തെ പേരാക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അവരുടെ വാക്കുകൾ. ഉച്ചകോടിക്കുമുമ്പുള്ള ദിവസങ്ങൾ ഹാംബർഗിലെ ജനങ്ങൾക്ക് പ്രശ്നങ്ങളുടേതായിരിക്കാമെന്നും മെർകൽ പറഞ്ഞു. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കും. എന്നാൽ, ജനാധിപത്യത്തിൽ അത് നീതിപൂർവകമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.