സൂചിയുടെ പുരസ്കാരം ആംനസ്റ്റി തിരിച്ചെടുത്തു
text_fieldsലണ്ടൻ: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ മ്യാന്മർ ഭരണാധികാരി ഒാങ്സാൻ സൂചിക്ക് നൽകിയ പരമോന്നത പുരസ്കാരം അവരിൽനിന്ന് തിരിച്ചെടുത്തു. മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ പട്ടാള നടപടിക്ക് സൂചി കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണ് നടപടി.
ലണ്ടൻ ആസ്ഥാനമായ സംഘടന 2009ൽ നൽകിയ ‘അംബാസഡർ ഒാഫ് കോൺഷ്യൻസ്’ പുരസ്കാരമാണ് തിരിച്ചെടുത്തത്. റോഹിങ്ക്യകൾക്കെതിരായ മ്യാന്മർ പട്ടാളത്തിെൻറ നടപടിയെ വംശഹത്യക്ക് തുല്യമെന്ന് െഎക്യരാഷ്ട്ര സംഘടന നേരത്തെ വിശേഷിപ്പിച്ചിരുന്നു. ‘‘പ്രത്യാശയുടെയും സ്ഥൈര്യത്തിെൻറയും കിരണവും മനുഷ്യാവകാശങ്ങളുടെ കാവൽ പോരാളിയുമായ നിങ്ങൾ ഇപ്പോൾ അങ്ങനെയല്ല എന്നത് ഞങ്ങളിൽ കഠിനമായ നിരാശയുണ്ടാക്കുന്നു. താങ്കളുടെ പുരസ്ക്കാര പദവിയെ തുടർന്നും നീതീകരിക്കാൻ കഴിയില്ല. അതിനാൽ അതിയായ ദുഃഖഭാരത്തോടെ പുരസ്കാരം പിൻവലിക്കുകയാണ്’’ എന്ന് ആംനസ്റ്റി മേധാവി കുമി നയ്ഡൂ സൂചിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.
73കാരിയായ സൂചിയെ കഴിഞ്ഞ ഞായറാഴ്ച നേരിട്ട് വിവരം അറിയിച്ചതായും സംഘടന വ്യക്തമാക്കി. സമാധാന നൊബേൽ ജേതാവുകൂടിയായ സൂചി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.