ഇറാഖ് സൈന്യം കിർകുക്കിൽ
text_fieldsബഗ്ദാദ്: വിവാദ റഫറണ്ടത്തിലൂടെ ഇറാഖിൽനിന്ന് വേറിട്ടുപോകാനുള്ള തീരുമാനം പ്രഖ്യാപിച്ച കുർദ് മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇറാഖ് സൈന്യം കിർകുക്കിലെത്തി.
നഗരത്തിലെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായി സൈന്യം അവകാശപ്പെട്ടു. കിർകുക്കിൽ സുരക്ഷ പുന:സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സർക്കാർ അനുകൂല സംഘങ്ങളുടെ കൂട്ടായ്മയായ ജോയൻറ് ഒാപറേഷൻസ് കമാൻഡ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കിർകുക്കിലെ രണ്ട് പ്രധാന പാലങ്ങളുടെയും രണ്ട് റോഡുകളുടെയും വ്യവസായ മേഖലയുടെയും നിയന്ത്രണം ഏറ്റെടുത്ത ഇറാഖ് സൈന്യം സൈനിക ക്യാമ്പ്, വിമാനത്താവളം, എണ്ണസംഭരണ ശാല, ഉൗർജ നിലയം, പൊലീസ് സ്റ്റേഷൻ എന്നിവയും വരുതിയിലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ നഗരത്തിെൻറ കൂടുതൽ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജോയൻറ് ഒാപറേഷൻസ് കമാൻഡ്.
ഇറാഖ് സൈന്യം നഗരത്തിലേക്ക് പ്രവേശിച്ചതിനുപിന്നാലെ നഗരത്തിെൻറ തെക്കുപടിഞ്ഞാറൻ ഭാഗത്ത് കുർദിഷ് സൈന്യവുമായി ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇരുവിഭാഗവും തമ്മിൽ വെടിവെപ്പ് അരങ്ങേറിയിരുന്നു.
സെപ്റ്റംബർ 25നാണ് കുർദ് മേഖലയിൽ ഹിതപരിശോധന നടന്നത്. വടക്കൻ ഇറാഖിലെ കുർദ് ഭൂരിപക്ഷ മേഖലക്ക് സ്വയംഭരണാവകാശം വേണമോ എന്ന ഹിതപരിശോധനയിൽ ഭൂരിഭാഗവും അനുകൂലമായി പ്രതികരിച്ചതായാണ് കുർദ് അവകാശവാദം. എന്നാൽ, ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഇറാഖ് സർക്കാർ വടക്കൻ മേഖല വിട്ടുപോകുന്നതിനെ എന്തുവില കൊടുത്തും എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിെൻറ ഭാഗമായാണ് സൈനിക നീക്കം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.