ഫലസ്തീൻ അഭയാർഥി സംഘടനക്ക് സഹായവുമായി ബെൽജിയം
text_fieldsബ്രസൽസ്: അമേരിക്ക തുക വെട്ടിച്ചുരുക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യൂ.എ) ക്ക് സഹായ ഹസ്തവുമായി ബെൽജിയം. സംഘടനക്ക് 2.3 കോടി ഡോളർ (147 കോടി രൂപ) നൽകുമെന്ന് ബെൽജിയം ഉപപ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ അറിയിച്ചു.
തുക മൂന്നുവർഷം കൊണ്ടാണ് അനുവദിക്കുക. ആദ്യ ഗഡു അടിയന്തരമായി എത്തിച്ചുനൽകുമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഏറെ അപകടകരവും പ്രയാസകരവുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയോട് ബഹുമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിവർഷം 12.5 കോടി ഡോളർ യു.എസ് സഹായം നൽകിയിരുന്നത് കഴിഞ്ഞ ദിവസമാണ് ആറുകോടിയായി വെട്ടിച്ചുരുക്കിയത്. ഫലസ്തീനികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും വൻതുക നൽകിയിട്ടും ആദരം തിരിച്ചുനൽകുന്നില്ലെന്നും പറഞ്ഞായിരുന്നു നടപടി.
സഹായം വൈകിയതിനെ തുടർന്ന് കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക് ഉൾപ്പെടെ നഗരങ്ങളിൽ യു.എൻ.ആർ.ഡബ്ല്യൂ.എക്കു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാരെ താൽക്കാലികമായി പറഞ്ഞുവിട്ടിരുന്നു.
പുതിയ നീക്കത്തോടെ കൂടുതൽ യു.എൻ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. അഭയാർഥി ക്യാമ്പുകൾ, സ്കൂളുകൾ, ക്ലിനിക്കുകൾ തുടങ്ങിയവയാണ് യു.എൻ സംഘടനക്കു കീഴിൽ നടന്നുവരുന്നത്.
ഇവ മുടങ്ങുന്നത് 50 ലക്ഷത്തിലേറെ ഫലസ്തീനികളെയാണ് ബാധിക്കുക.
1948ൽ യു.എൻ മുൻകൈയെടുത്ത് ഫലസ്തീൻ വെട്ടിമുറിച്ച് ഇസ്രായേൽ രൂപവത്കരിച്ചതോടെ വീടുവിട്ട് ഒാടേണ്ടിവന്നവരെ സഹായിക്കാനാണ് തൊട്ടടുത്തവർഷം യു.എൻ.ആർ.ഡബ്ല്യൂ.എ രൂപവത്കരിക്കുന്നത്.
ഗസ്സ, വെസ്റ്റ് ബാങ്ക്, ജോർഡൻ, ലബനാൻ എന്നിവിടങ്ങളിലാണ് പ്രധാനമായും ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.