ഭരണത്തുടർച്ച ബ്രെക്സിറ്റിന് വഴിയൊരുക്കും
text_fieldsലണ്ടൻ: തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി മേൽക്കൈ നേടിയെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കുക എളുപ്പമുള്ള സംഗതിയല്ല. 2020 ജനുവരി 31ന് ബ്രെക്സിറ്റ് നടപ്പാക്കുമെന്നാണ് ജോൺസൺ ബ്രിട്ടീഷ് ജനതക്കു നൽകിയ വാഗ്ദാനം. ഒരുപാട് സമയമില്ലെന്നിരിക്കെ, ഒരാഴ്ചക്കകം പുതിയ ബ്രെക്സിറ്റ് കരാർ പാർലമെൻറിൽ അവതരിപ്പിക്കേണ്ടിവരും. ബ്രെക്സിറ്റ് ചർച്ചകൾക്കായി പാർലമെൻറിെൻറ ഇരുസഭകളും പുതുവർഷത്തിനു മുമ്പായി സമ്മേളിക്കേണ്ടി വരും. ഡിസംബർ 17ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് കരുതുന്നത്. ബ്രെക്സിറ്റ് കരാർ ഡിസംബർ 20നോ, 23നോ പാർലമെൻറിൽ അവതരിപ്പിക്കേണ്ടിവരും.
വടക്കൻ അയർലൻഡുമായുള്ള വ്യാപാരം സംബന്ധിച്ച വ്യവസ്ഥകളാണ് ബ്രെക്സിറ്റിലെ പ്രധാന പ്രശ്നം. വടക്കൻ അയർലൻഡിൽനിന്ന് ബ്രിട്ടനിലേക്ക് ചരക്കുകൾ കടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ജോൺസൺ വ്യക്തമാക്കിയിരുന്നു.
അതുപോലെ വടക്കൻ അയർലൻഡും-ഐറിഷും തമ്മിെല അതിർത്തിത്തർക്കവും ബ്രെക്സിറ്റിലെ കീറാമുട്ടിയായിരുന്നു. ഇതിൽ ചില ഭേദഗതികളും വരുത്തിയേക്കും.ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ പൗരന്മാർക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിച്ച് ആസ്ട്രേലിയൻ രീതിയിലുള്ള പോയൻറ് ബേസ് സമ്പ്രദായം നടപ്പാക്കുമെന്നായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ മറ്റൊരു വാഗ്ദാനം. ഈസമ്പ്രദായം നടപ്പാകുന്നതോടെ മറ്റു രാജ്യങ്ങളിലെ അവിദഗ്ധ തൊഴിലാളികൾക്ക് ബ്രിട്ടനിലേക്കുള്ള പ്രവേശനം വിലക്കുമെന്നർഥം.
ഈ തടസ്സങ്ങളെല്ലാം മറികടന്നാലും ബ്രെക്സിറ്റ് കരാറിന് യൂറോപ്യൻപാർലമെൻറിെൻറ അംഗീകാരവും വേണം. ജനുവരി 13ന് സ്ട്രേസ്ബർഗിലും 29നും 30നുമായി ബ്രസൽസിലുമായി യൂറോപ്യൻ യൂനിയൻ പ്ലീനറി സമ്മേളനങ്ങൾ നടക്കാനിരിക്കയാണ്. ഇൗ തീയതികൾക്കും ബ്രിട്ടന് യൂറോപ്യൻ യൂനിയനുമായി കരാറിൽ ധാരണയിലെത്തേണ്ടിവരും. ബ്രെക്സിറ്റ് നടപ്പാക്കിയാലും യൂറോപ്യൻ യൂനിയനുമായുള്ള ബ്രിട്ടെൻറ തുടർവ്യാപാരം, പൗരത്വം എന്നീ കാര്യങ്ങളിലും തീരുമാനമെടുക്കണം. തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ വിജയത്തോടെ ബ്രിട്ടനുമായുള്ള ബന്ധം പുതുക്കിപ്പണിയുമെന്ന് യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ടോറികളുടെ വിജയത്തിനു പിന്നിൽ
1. ബ്രെക്സിറ്റ്: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു വരെ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന വാഗ്ദാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവർത്തിച്ചു. പാർലമെൻറിൽ കൺസർവേറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷം നേടിയാൽ മാത്രമേ അതു സാധിക്കുമായിരുന്നുള്ളൂ. തുടക്കം മുതൽക്കേ ബ്രെക്സിറ്റിനെ പിന്തുണക്കുന്ന ഒരാളെന്നനിലയിൽ ജനങ്ങൾക്ക് സംശയവുമുണ്ടായില്ല. അതേസമയം, പ്രതിപക്ഷമായ ലേബർ പാർട്ടി വീണ്ടും ബ്രെക്സിറ്റ് ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനമാണ് നൽകിയത്.
2. ലളിതമായ സന്ദേശം: ബ്രെക്സിറ്റ് നടപ്പാക്കാൻ സഹായിക്കൂ എന്ന പ്രചാരണത്തിലാണ് സ്ഥാനാർഥികൾ വോട്ട് പിടിച്ചത്. അതുപോലെ രാജ്യത്ത് പൊലീസുകാരുടെയും നഴ്സുമാരുടെയും എണ്ണം വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ലേബർപാർട്ടിയുടെ ദേശീയ ആരോഗ്യമേഖല സംരക്ഷിക്കുമെന്ന ഉറപ്പ്, വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവ ദേശസാൽക്കരിക്കുമെന്ന വാഗ്ദാനം തുടങ്ങിയ വാഗ്ദാനങ്ങളും ജനം തള്ളി.
3. ലേബർ പാർട്ടിയുടെ ബലഹീനത: ജെറമി കോർബിെൻറ നേതൃത്വത്തിൽ അതൃപ്തിയുള്ളവർ കൺസർവേറ്റിവ് പാർട്ടിക്ക് വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവെന്നനിലയിൽ പാർട്ടിയെ ഐക്യപ്പെടുത്തുന്നതിൽ കോർബിൻ പരാജയമായി. തെരഞ്ഞെടുക്കപ്പെട്ടാൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഇന്ത്യയോട് മാപ്പുപറയുമെന്നടക്കമുള്ള ലേബർപാർട്ടിയുടെ വാഗ്ദാനങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. എല്ലാറ്റിനുമുപരി ബോറിസ് ജോൺസൺ എന്ന കൺസർവേറ്റിവ് നേതാവിനു മുന്നിൽ കോർബിൻ പലപ്പോഴും പതറി.
മിന്നും ജയവുമായി ഇന്ത്യൻ വംശജർ
ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായി ഇന്ത്യൻ വംശജർ. ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ലേബലിൽ മത്സരിച്ച 15 ഇന്ത്യക്കാരാണ് ഇക്കുറി ജനസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൺസർവേറ്റിവ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക്, അലോക് ശർമ എന്നിവരാണ് വിജയിച്ച പ്രമുഖർ.
ജോൺസൺ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു ഇരുവരും. ആദ്യ സിഖ് വനിത എം.പിയായി ബ്രിട്ടീഷ് പാർലമെൻറിൽ ചരിത്രംകുറിച്ച പ്രീത് കൗർ ഗിൽ ഇക്കുറിയും വിജയിച്ചു. 2017ലെ തെരഞ്ഞെടുപ്പിൽ 12 ഇന്ത്യക്കാരാണ് പാർലമെൻറിലെത്തിയത്.
ബ്രിട്ടനും യൂറോപ്യൻ യൂനിയനും
ലണ്ടൻ:ഏറെ വൈകി 1993ലാണ് ബ്രിട്ടൻ ഇ.യു അംഗമായത്. ഈ തീരുമാനത്തെ എതിർത്തവരും കൂട്ടത്തിലുണ്ടായിരുന്നു. 2015ലും ഈ വിഷയം സജീവമായി. അങ്ങനെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജയിംസ് കാമറൺ ഹിതപരിശോധന നടത്തിയത്.
ഹിതപരിശോധന ജനം തള്ളുമെന്ന് കരുതിയ അദ്ദേഹത്തിന് തെറ്റി. ഫലം വന്നപ്പോൾ 51.8 ശതമാനം പേർ ഹിതപരിശോധനയെ അനുകൂലിച്ചു. 48. 2 ശതമാനം എതിർത്തു. ഇതോടെ കാമറൺ രാജിവെച്ചു. തുടർന്ന് അധികാരത്തിലെത്തിയ തെരേസ മേയും ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. അവരും രാജിവെച്ചതോടെയാണ് അധികാരം ബോറിസ് ജോൺസെൻറ കൈകളിലെത്തിയത്. എന്തുവന്നാലും ബ്രെക്സിറ്റ് നടപ്പാക്കുമെന്ന നിലപാടാണ് അധികാരത്തിലെത്തിയതുമുതൽ ജോൺസൺ സ്വീകരിച്ചത്. എന്നാൽ, പാർലമെൻറിൽ കൺസർവേറ്റിവ് പാർട്ടിക്ക് അദ്ദേഹം വിചാരിച്ച സമയത്തും ബ്രെക്സിറ്റ് നടപ്പാക്കാനായില്ല. എല്ലാ വഴിയുമടഞ്ഞതോടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.