ബ്രക്സിറ്റ്: ഇനി മാറ്റങ്ങളുടെ കാലം, ചിലത് മാറാത്ത കാലം
text_fieldsലണ്ടൻ: മൂന്നര വർഷം, മൂന്ന് പ്രധാനമന്ത്രിമാർ, 2016 മുതലുള്ള മാരത്തൺ ചർച്ചകൾ... എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂ ർത്തിയാക്കി, 47 വർഷത്തെ ബാന്ധവം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ലണ്ടൻ സമയം 11.01ന ് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30) ബ്രിട്ടൻ എക്സിറ്റ് എന്നർഥമുള്ള ‘ബ്രക്സിറ്റ്’ യാഥാർഥ്യമായി. അടുത്ത 11 മാസം പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്). അതുവരെ യു.കെ യൂറോപ്യൻ യൂനിയനിൽ ‘അതിഥി‘യായി തുടരും.
പുതിയ മാറ് റത്തിെൻറ ആഘോഷമായിരുന്നു യു.കെയിലെ തെരുവുകളിലെങ്ങും. യു.കെ ചരിത്രത്തിലെ അതിഗംഭീര ദിനം അതിഗംഭീരമാക്കി ബ്ര ിട്ടീഷ് ജനത. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയുമായാണ് യു.കെ യൂനിയനിൽ നിന്ന് മടങ്ങുന്നത്. രാവിലെ ബ്രസൽസിലെ പാർലമെൻറ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ ബ്രക് സിറ്റിന് ഔദ്യോഗിക വിളംബരമാകും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും ഈ പതാക പിന്നീട് സ്ഥാപിക്കുക.
നേരത്തെ ബ്രിട്ടീഷ് പാർലമെൻറും കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെൻറും അംഗീകരിച്ച ബ്രക്സിറ്റ് വേർപിരിയൽ കരാറ ിലെ വ്യവസ്ഥകൾ അനുസരിച്ചാകും ഇരുപക്ഷവും തമ്മിലുള്ള ഭാവി ബന്ധവും സഹകരണവും.
വാണിജ്യം, വ്യാപാരം, നയതന്ത്രം തു ടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് അനുവദിച്ച സമയം 2020 ഡിസംബർ 31വരെയാണ്. അതിനാൽ, അംഗത്വം ഒ ഴിവായെങ്കിലും ശേഷിക്കുന്ന 11 മാസക്കാലം ചില ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. ഈ കാലയളവിൽ യൂറോപ്യൻ യൂനിയനിൽ ശേഷിക ്കുന്ന 27 രാജ്യങ്ങളുമായി ബ്രിട്ടന് കരാറുകളുണ്ടാക്കാം. പെട്ടെന്ന് പ്രത്യക്ഷത്തിലുള്ള മാറ്റങ്ങൾ ഇരുപക്ഷത്തെയ ും പൗരന്മാരെ ബാധിക്കുകയുമില്ല. എന്നാൽ, യൂനിയനിലെ രാഷ്ട്രീയ സ്ഥാപനങ്ങളിലോ ഏജൻസികളിലോ പങ്കാളിത്തമുണ്ടാകി ല്ല. യൂറോപ്യൻ പാർലമെൻറിൽ ബ്രിട്ടീഷ് അംഗങ്ങളും ഉണ്ടാകില്ല. ഇക്കാലയളവിൽ യൂറോപ്യൻ യൂനിയൻ നിയമങ്ങളും ബ്രിട്ടൻ പിന്തുടരും. നിയമ തർക്കങ്ങളിൽ യൂറോപ്യൻ നീതിന്യായ കോടതി അവസാന വാക്ക് ആകും. വ്യാപാരബന്ധങ്ങളും യാത്രാ സൗകര്യങ്ങളുമൊക്കെ സമാനമായി നിലനിൽക്കുന്നതിനാൽ ഫലത്തിൽ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും കാര്യമായ മാറ്റം അനുഭവപ്പെടില്ല.
പാസ്പോർട്ട് നീല കളറിലേക്ക്, സൗഹൃദ സന്ദേശവുമായി ബ്രക്സിറ്റ് നാണയങ്ങളും
യൂറോപ്യൻ യൂനിയൻ പാർലമെൻറിൽ ഇനി ബ്രിട്ടീഷ് പ്രതിനിധികൾ ഉണ്ടാകില്ലയെന്നതാണ് വരാൻ പോകുന്ന പ്രധാന മാറ്റം. ബ്രിട്ടനിൽ ബ്രക്സിറ്റിെൻറ ഏറ്റവും വലിയ വക്താവായ നൈജൽ ഫെറാജിനെ പോലുള്ള 73 പരിചിത മുഖങ്ങൾ യൂറോപ്യൻ പാർലമെൻറ് അംഗങ്ങൾ ‘മിസ് ചെയ്യും’. യൂറോപ്യൻ യൂനിയൻ ഉച്ചകോടികളിൽ ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ക്ഷണിക്കപ്പെട്ട അതിഥിയായി മാത്രമേ പങ്കെടുക്കാനാകൂ. മത്സ്യബന്ധന അതിർത്തികൾ നിശ്ചയിക്കൽ പോലുള്ള തീരുമാനങ്ങളെടുക്കുന്ന പതിവ് യൂനിയൻ യോഗങ്ങളിൽ ബ്രിട്ടീഷ് മന്ത്രിമാർക്ക് പങ്കെടുക്കാനുമാകില്ല.
യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ് മറ്റൊരു പുതുമ. അമേരിക്ക, ആസ്ത്രേലിയ പോലുള്ള രാജ്യങ്ങളുമായി വ്യാപാര കരാറിലേർപ്പെടാൻ നേരത്തേ അനുമതി ഉണ്ടായിരുന്നില്ല. ഈ സ്വാതന്ത്ര്യം യു.കെയുടെ സമ്പദ്വ്യവസ്ഥയെ ഉയരങ്ങളിലെത്തുക്കുമെന്ന വാദമാണ് ബ്രക്സിറ്റ് അനുകൂലികൾ ഉന്നയിച്ചിരുന്നതും. എന്നാൽ, പരിവർത്തന കാലാവധി കഴിഞ്ഞ ശേഷമേ യൂനിയനിൽപ്പെടാത്ത രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ നിലവിൽ വരൂ.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന നീല പാസ്പോർട്ടിെൻറ മടങ്ങി വരവ് കൂടിയാകും ഇനി യു.കെയിൽ. 1921ൽ ഉപയോഗിച്ചു തുടങ്ങിയ നീലയിൽ സ്വർണ വർണങ്ങളുള്ള പാസ്പോർട്ട് ഏറെക്കാലം ബ്രിട്ടീഷ് ജനതയുടെ അഭിമാന പ്രതീകവുമായിരുന്നു. അതേസമയം, കാലാവധി കഴിയുംവരെ നിലവിലുള്ള ബർഗുണ്ടി റെഡ് കളർ പാസ്പോർട്ട് ഉപയോഗിക്കുകയും ചെയ്യാം.
ഒരു വിഭാഗം എതിർക്കുന്നുണ്ടെങ്കിലും ബ്രക്സിറ്റ് നാണയങ്ങളും പ്രചാരത്തിലെത്തും. ജനുവരി 31 എന്ന തീയതി രേഖപ്പെടുത്തിയ 30 ലക്ഷം നാണയങ്ങളാണ് പുറത്തിറങ്ങുന്നത്. ‘എല്ലാ രാജ്യങ്ങളുമായും സമാധാനം, സൗഹൃദം, അഭ്യുദയം’എന്ന സന്ദേശവും അതിലുണ്ടാകും. യൂറോപ്യൻ യൂനിയനുമായുള്ള ചർച്ചകൾക്ക് 2016ൽ അന്നത്തെ പ്രധാനമന്ത്രി തെരേസ മേയ് കൊണ്ടുവന്ന ബ്രക്സിറ്റ് വകുപ്പും ഇനി ഇല്ലാതാകും.
ജർമനിയിലേക്ക് രക്ഷപ്പെട്ട കുറ്റവാളികളെ ഇനി ബ്രിട്ടനിലേക്ക് കൊണ്ടുവരികയും സാധ്യമല്ല. ജർമൻകാരായ കുറ്റവാളികളെ ബ്രിട്ടൻ അവർക്ക് കൈമാറേണ്ടിയും വരും. ജർമൻ ഭരണഘടനയനുസരിച്ച് യൂറോപ്യൻ യൂനിയനിൽ അംഗമല്ലാത്ത രാജ്യങ്ങൾക്ക് കുറ്റവാളികളായ പൗരന്മാരെ കൈമാറേണ്ടതില്ല. അതേസമയം, പരിവർത്തന കാലയളവിൽ യൂറോപ്യൻ അറസ്റ്റ് വാറണ്ട് നിലനിൽക്കുമെന്നാണ് യു.കെ ആഭ്യന്തര മന്ത്രാലയം പറയുന്നത്.
എന്നാൽ, പരിവർത്തന കാലയളവ് വരെയെങ്കിലും മാറാത്ത പല കാര്യങ്ങളുമുണ്ട്. വിമാന-തീവണ്ടി-കപ്പൽ യാത്രകൾ നിലവിലേതുപോലെ തുടരാം. വിമാനത്താവളങ്ങളിലെ ആഗമന ടെർമിനലുകളിൽ യൂറോപ്യൻ യൂനിയൻ രാജ്യക്കാർക്ക് മാത്രം വേണ്ടിയുള്ള ക്യൂവിൽ ബ്രിട്ടീഷുകാർക്ക് നിൽക്കാനും അനുമതിയുണ്ട്. കാലാവധിയുള്ള കാലം വരെ ഡ്രൈവിങ് ലൈസൻസും വളർത്തുമൃഗങ്ങളുടെ പാസ്പോർട്ടും നിലനിൽക്കും. യൂറോപ്യൻ ആരോഗ്യ ഇൻഷുറൻസ് കാർഡിെൻറ ആനുകൂല്യങ്ങൾക്കും മാറ്റമുണ്ടാകില്ല. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അത് തുടരാം. യു.കെയിലുള്ള മറ്റ് യൂറോപ്യൻ പൗരന്മാർക്കും ഇത് ബാധകമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അതത് രാജ്യങ്ങളിലെ പെൻഷനുകൾ സ്വീകരിക്കുന്നതിനും തടസ്സമില്ല. പരിവർത്തന കാലയളവിൽ യൂറോപ്യൻ യൂനിയൻ ബജറ്റിലേക്കുള്ള വിഹിതം ബ്രിട്ടൻ നൽകുകയും വേണം. ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം അധിക തീരുവയോ പരിശോധനയോ ഇല്ലാതെ തുടരുകയും ചെയ്യാം.
ആശങ്കകൾ ആശ്വാസത്തിലേക്ക് പരിവർത്തനപ്പെടുമോ?
നിലവിലെ ആശങ്കകൾ ആശ്വാസത്തിലേക്ക് പരിവർത്തനപ്പെടുന്ന കാലം കൂടിയായാലേ ഡിസംബർ 30 വരെയുള്ള പരിവർത്തന കാലം ബ്രിട്ടന് അനുകൂലമാകൂ. സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ യൂറോപ്പുമായി വ്യാപാര ഉടമ്പടികളുണ്ടാക്കുക എന്നതാകും ബോറിസ് ജോൺസൺ സർക്കാറിെൻറ ആദ്യ മുൻഗണന. ഈ കാലയളവിൽ, സമഗ്ര കരാറുകളുണ്ടാക്കാനാകുമോ എന്ന കാര്യത്തിൽ വിദഗ്ധർക്ക് ആശങ്കയുമുണ്ട്. വ്യാപാര നിയന്ത്രണങ്ങളിൽ രാജ്യത്തിനുള്ള പരമാധികാരം എന്ന ആശയത്തിൽ യു.കെ ഉറച്ചുനിൽക്കുമോ അതോ യൂറോപ്യൻ യൂനിയൻ നിയമങ്ങൾ ഭാഗികമായെങ്കിലും അംഗീകരിക്കുമോ എന്നത് പ്രധാന വിഷയമാകും. യൂനിയൻ നിയന്ത്രണങ്ങളിൽനിന്ന് മോചിതമാകുക എന്നതാണ് ബോറിസ് ജോൺസെൻറ ഒരു പ്രധാന താൽപര്യം.
എന്നാൽ, യൂനിയനുമായി ഇടയുന്ന തീരുമാനങ്ങളിലേക്ക് പോയാൽ, ബ്രിട്ടന് വ്യാപാരത്തിൽ താരിഫ് ഇളവുകൾ ഉണ്ടാകില്ല. ഈ വർഷം അവസാനത്തോടെ കരാറുകൾ ആയില്ലെങ്കിൽ ലോക വ്യാപാര സംഘടന നിർദേശിച്ച താരിഫുകൾ യു.കെയുടെ കയറ്റുമതിക്ക് ബാധകമാകും. യു.കെയുടെ വ്യാപാര മേഖലക്ക് തിരിച്ചടിയുണ്ടാകുമെന്നും വിദേശ നിക്ഷേപകർ വാഹന നിർമാണംപോലുള്ള രംഗങ്ങളിൽനിന്ന് പിൻവലിയുമെന്നുമുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.
ബ്രക്സിറ്റ് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ തന്നെ വ്യോമയാനം, വാഹനം, രാസവസ്തു, ഭക്ഷണ-പാനീയം, മരുന്ന് മേഖലകളിലുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമം നടപ്പാക്കൽ, വിവരം കൈമാറൽ, സുരക്ഷ, വ്യോമയാന നിലവാരവും സുരക്ഷയും, മത്സ്യബന്ധന സൗകര്യം, മരുന്നുകളുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ യു.കെ-ഇ.യു ചർച്ച സജീവമായി നടത്തേണ്ടിവരും.
പരിവർത്തനകാലം കഴിയുന്നതോടെ യു.കെ പുതിയ കുടിയേറ്റ നയം രൂപവത്കരിക്കും. അത് സ്വതന്ത്രമായ യാത്രകളെ ബാധിക്കും. എന്നാൽ, ഇപ്പോൾ യു.കെയിൽ കഴിയുന്ന യൂറോപ്യൻ പൗരന്മാരെ ഈ തീരുമാനം ബാധിക്കില്ല. ഇതര രാജ്യങ്ങളുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ, മറ്റ് രാജ്യങ്ങളിലേക്ക് മാറാനുള്ള യു.കെ പൗരന്മാരുടെ സാധ്യതകളുടെയും നിറംമങ്ങും.
ബ്രിട്ടെൻറ ഭാഗമായ സ്കോട്ലൻഡിെൻറ കാര്യത്തിലാണ് മറ്റൊരു വിവാദം. 2016ൽ ബ്രിട്ടനിൽ ബ്രക്സിറ്റ് ഹിതപരിശോധന നടക്കുന്നതിന് രണ്ട് കൊല്ലം മുമ്പ് തുടങ്ങിയതാണ് സ്വതന്ത്ര രാജ്യമാകാനുള്ള സ്കോട്ലൻഡിെൻറ സ്വപ്നം. അന്ന് നടന്ന ഹിതപരിശോധനയിൽ ബ്രിട്ടനിൽതന്നെ തുടർന്നാൽ മതിയെന്നായിരുന്നു സ്കോട്‌ലൻഡുകാരുടെ തീരുമാനം. ഇപ്പോൾ, പുതിയ സാഹചര്യത്തിൽ രണ്ടാമതൊരു ഹിതപരിശോധന അനിവാര്യമാണെന്നാണ് സ്കോട്‌ലൻഡിലെ ഏറ്റവും വലിയ കക്ഷിയായ സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ വാദം. സ്കോട്‌ലൻഡ് വേറിട്ടുപോയാൽ ബ്രിട്ടന് അതിെൻറ മൂന്നിലൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്യും.
കണ്ണ് ഇന്ത്യൻ വിപണിയിലേക്കും
ബ്രക്സിറ്റ് നടപ്പാകുന്നതിെൻറ പ്രതിഫലനങ്ങൾ ഇന്ത്യൻ വിപണിയിലും ഉണ്ടാകുമോയെന്ന നിരീക്ഷണങ്ങളും സാമ്പത്തിക വിദഗ്ധർ തുടങ്ങി കഴിഞ്ഞു. ശനിയാഴ്ച മുതൽ ആരംഭിക്കുന്ന യു.കെ വ്യാപാര കാമ്പയിനുകൾക്ക് തെരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങളിലൊന്ന് മുംബൈയാണ്. 13 രാജ്യങ്ങളിലെ 18 നഗരങ്ങളിലാണ് ബ്രിട്ടണിെൻറ പ്രചാരണം നടക്കുക. ഈ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ഇനി യു.കെയുടെ വ്യാപാര സാധ്യതകളുടെ ‘ഗ്രേറ്റ് ബ്രാൻഡ്’ പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. ആസ്ത്രേലിയ (പെർത്ത്, മെൽബൺ, സിഡ്നി), ബ്രസീൽ (സാവോ പോളോ), കാനഡ (ടൊറൻറോ), ചൈന (ഷാങ്ഹായ്, ഹോങ്കോങ്), ജപ്പാൻ (ടോക്കിയോ), മെക്സികോ (മെക്സികോ സിറ്റി), സിങ്കപൂർ (സിങ്കപൂർ), ദക്ഷിണാഫ്രിക്ക (ജോഹന്നാസ് ബർഗ്), ദക്ഷിണ കൊറിയ (സോൾ), തുർക്കി (ഇസ്താംബൂൾ), യു.എ.ഇ (ദുബൈ), അമേരിക്ക (ന്യൂയോർക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ) എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.