ഒക്ടോബർ 15ന് തെരഞ്ഞെടുപ്പ് നടത്താമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
text_fieldsലണ്ടൻ: ബ്രെക്സിറ്റ് കുരുക്കഴിക്കാനാകാതെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഒക്ടോബർ 15ന് തെരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയുടെ നിർദേശത്തെ പ്രതിപക്ഷനേതാവ് ജെറമി കോർബിൻ പിന്തുണച്ചു.
പാർലമെൻറിലെ ചൂടേറിയ വാഗ്വാദത്തിനിടയിലാണ് സർക്കാറിെൻറ ബ്രെക്സിറ്റ് നയത്തിനെതിരായി പ്രതിപക്ഷ നേതാവ് വോട്ട് ചെയ്യുകയാണെങ്കിൽ നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്തുണക്കേണ്ടിവരുമെന്ന് കോർബിനോട് ആവശ്യമുന്നയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെങ്കിൽ പാർലമെൻറിൽ മൂന്നിൽ രണ്ട് എം.പിമാരുടെ പിന്തുണ ഉറപ്പാക്കേണ്ടിവരും.
കഴിഞ്ഞദിവസം ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽനിന്ന് ഒരു എം.പി കൂറുമാറിയതോടെ പാർലമെൻറിൽ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. ഒക്ടോബർ 31ന് കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകാനായിരുന്നു ബോറിസിെൻറ പദ്ധതി. എന്നാൽ, അദ്ദേഹം തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു വിമർശകരുടെ അഭിപ്രായം.
കരാറില്ലാതെയുള്ള പിന്മാറ്റം ബ്രിട്ടനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പാർലമെൻറ് മരവിപ്പിച്ച നടപടി ശരിയെന്ന് കോടതി
ലണ്ടൻ: ബ്രെക്സിറ്റിന് ആഴ്ചകൾ മാത്രം ശേഷിക്കെ, പാർലമെൻറ് താൽക്കാലികമായി മരവിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ നടപടി നിയമാനുസൃതമെന്ന് ഈഡിൻബർഗ് സെഷൻസ് കോടതി. നിയമത്തിെൻറ അളവുകോലിൽ പെടുത്താൻ കഴിയാത്ത രാഷ്ട്രീയ വിഷയമായതിനാൽ ആ രീതിയിൽ പരിഹരിക്കുന്നതാവും നല്ലതെന്നും ബോറിസിെൻറ തീരുമാനത്തിനെതിരെ പ്രതിപക്ഷ എം.പിമാർ സമർപ്പിച്ച ഹരജിയിൽ വിധി പറഞ്ഞ ലോർഡ് ദൊഹോർതി പറഞ്ഞു. പാർലമെൻറ് മരവിപ്പിച്ചത് നിയമലംഘനമാവുന്നില്ല.
പാർലമെൻറ് സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നത് സർക്കാറാണ്. ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച ഹരജികൾ വടക്കൻ അയർലൻഡ്, ഇംഗ്ലണ്ട് കോടതികളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.