ബ്രെക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അംഗീകാരം
text_fieldsലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ ബന്ധം അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് അനുമതി നല്‍കുന്ന ബ്രെക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അധോസഭയുടെ അംഗീകാരം. 122 എതിരെ 494 വോട്ടുകൾക്കാണ് അധോസഭയായ ഹൗസ് ഒാഫ് കോമൺസ് അംഗീകാരം നൽകിയത്. മൂന്നു ദിവസം നീണ്ട ചർച്ചക്ക് ശേഷമായിരുന്നു ബ്രെക്സിറ്റ് ബിൽ വോട്ടിനിട്ടത്.
ഇനി പാർലമെന്‍റ് ഉപരിസഭയായ ഹൗസ് ഒാഫ് ലോർഡ്സിൽ ബ്രെക്സിറ്റ് ബിൽ അവതരിപ്പിക്കും. മാർച്ച് അവസാനത്തോടെ യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാണ് പ്രധാനമന്ത്രി തെരേസ മേയ് സർക്കാറിന്‍റെ തീരുമാനം.
ബില്ലിന് അധോസഭയുടെ അംഗീകാരം കിട്ടിയത് ചരിത്രപരമായ നിമിഷമാണെന്ന് ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. ലിസ്ബന്‍ കരാറിലെ ആര്‍ട്ടിക്ള്‍ 50 നടപ്പാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് അനുമതി നല്‍കുന്ന ബില്ലിന് ബ്രിട്ടീഷ് പാർലമെന്‍റ് നേരത്തെ അനുമതി നൽകിയിരുന്നു.
ലിസ്ബന്‍ കരാര്‍ പ്രകാരമുള്ള 50ാം അനുഛേദം പ്രാബല്യത്തില്‍ വരുത്തുകയാണ് ആദ്യ പടി. ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും. കഴിഞ്ഞ ജൂണ്‍ 23നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തു പോകാനുള്ള ഹിതപരിശോധന നടന്നത്.
യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്ന് 1992 ഫെബ്രുവരി ഏഴിന് ഒപ്പുവെച്ച മാസ്ട്രിച് ഉടമ്പടിയിലൂടെ നിലവില്‍ വന്ന സംഘരാഷ്ട്ര സംവിധാനമാണ് യൂറോപ്യന്‍ യൂനിയന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.