കാറ്റലൻ നേതാവ് പുെജമോണ്ട് ജർമനിയിൽ അറസ്റ്റിൽ
text_fieldsബർലിൻ: കാറ്റലോണിയൻ മുൻ പ്രസിഡൻറ് കാർെലസ് പുെജമോണ്ടിനെ ജർമനിയിൽ അറസ്റ്റ് ചെയ്തു. ഡെന്മാർക്കിൽനിന്ന് ജർമനിയിലേക്കു കടക്കവെയാണ് അറസ്റ്റ്. കഴിഞ്ഞ ഒക്ടോബർ അവസാനം മുതൽ ബ്രസൽസിൽ കഴിയുകയാണ് ഇദ്ദേഹം.
കാറ്റലോണിയയുടെ സ്വയംഭരണമാവശ്യപ്പെട്ട് രാജ്യത്തു നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് പുെജമോണ്ടുൾപ്പെടെ 13 പേർക്കെതിരെ സ്പാനിഷ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. രാജ്യദ്രോഹം, കലാപത്തിന് പ്രേരണനൽകൽ, പൊതുഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി ഇദ്ദേഹത്തിനെതിരായ അന്താരാഷ്ട്ര അറസ്റ്റ് വാറൻറ് സ്പാനിഷ് സർക്കാർ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇൗ അറസ്റ്റ് വാറൻറനുസരിച്ച് ഷോൾസ്വിഗ്-ഹോൾസ്റ്റീൻ പ്രവിശ്യയിൽവെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ജർമൻ അധികൃതർ പറഞ്ഞു.
അറസ്റ്റിനുശേഷം പുെജമോണ്ടിനെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. കാറ്റലൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഫിൻലൻഡ് സന്ദർശിച്ചു മടങ്ങവെയാണ് ഇദ്ദേഹം അറസ്റ്റിലായത്. ഫിൻലൻഡ് സന്ദർശിക്കുന്ന പുെജമോണ്ടിനെ അറസ്റ്റ് ചെയ്യണമെന്നഭ്യർഥിച്ച് സ്പെയിൻ കത്തയച്ചിരുന്നു. എന്നാൽ, കത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ സമയമെടുത്തതിനിടെ അദ്ദേഹം ഫിൻലൻഡ് വിട്ടു. ഞായറാഴ്ച രാവിലെ 11 മണിക്കാണ് അറസ്റ്റ്.
സ്വയംഭരണമാവശ്യപ്പെട്ട് 2017 ഒക്ടോബറിൽ കാറ്റലോണിയയിൽ നടന്ന ഹിതപരിശോധന ഫലം റദ്ദാക്കിയ സ്പാനിഷ് സർക്കാർ പ്രവിശ്യയുടെ നേരിട്ടുള്ള ഭരണവും ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.