കാറ്റലൻ ഹിതപരിശോധന: പൊലീസ് അക്രമത്തിൽ 700 പേർക്ക് പരിക്ക്
text_fieldsമഡ്രിഡ്: രക്തം ചിന്തിയ ഹിതപരിശോധനയായിരുന്നു ഇന്നലെ കാറ്റലോണിയയിൽ നടന്നത്. സ്പെയിനിൽനിന്നു സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ജനവിധി തടയുന്നതിെൻറ ഭാഗമായി സ്പാനിഷ് സർക്കാർ കാറ്റലോണിയയിലുടനീളം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഹിതപരിശോധന നിയമവിരുദ്ധമെന്നാരോപിച്ചാണ് ലാത്തിയും റബർ ബുള്ളറ്റുകളും ഉപയോഗിച്ച് പൊലീസ് വോട്ടർമാരെ നേരിട്ടത്. പൊലീസിെൻറ റബർ ബുള്ളറ്റ ്പ്രയോഗത്തിൽ 700 പേർക്ക് പരിക്കേറ്റു. ഇവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്. 11 പൊലീസുകാർക്കും പരിക്കുണ്ട്.
ചിലയിടങ്ങളിൽ ബാലറ്റ് പേപ്പറുകൾ പൊലീസ് പിടിച്ചെടുത്തു. പോളിങ് സ്റ്റേഷനുകളിലെത്തിയവരെ ബലമായി പിടിച്ചിറക്കി. പലയിടത്തും വോട്ടർമാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പൊലീസിനെയാണ് ബാഴ്സലോണയിലെ ഉൾപ്പെടെ പോളിങ് സ്റ്റേഷനുകളിൽ നിയോഗിച്ചിരുന്നത്. പോളിങ് സ്റ്റേഷനുകളായി തീരുമാനിച്ചിരുന്ന 2315ൽ 1300 സ്കൂളുകളും പൊലീസ് സീൽചെയ്തു.
ഹിരോണ പ്രവിശ്യയിലെ പോളിങ് സ്റ്റേഷനുകളിലൊന്നില് കാറ്റലോണിയൻ പ്രസിഡൻറ് കാൾസ് പഗ്ഡമൻഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടുമുമ്പ് പൊലീസ് തള്ളിക്കയറി. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കും കാറ്റലോണിയൻ ദേശീയഗാനാലാപനത്തിനും ഇടയിൽ ചില്ലുവാതിൽ തല്ലിത്തകർത്ത് പൊലീസ് അകത്തുകയറി.സംഘർഷത്തിനിടെ, പഗ്ഡമൻഡ് മറ്റൊരു പോളിങ് സ്റ്റേഷനിലെത്തി വോട്ടുചെയ്തു.
സംഘർഷത്തിനിടയിലും ബാഴ്സലോണ ഫുട്ബാൾ ക്ലബ് മത്സരം മാറ്റമില്ലാതെ നടന്നു. ബാഴ്സലോണ താരങ്ങളിൽ ഭൂരിഭാഗവും ഹിതപരിശോധനക്ക് അനുകൂലമാണ്. ഒഴിഞ്ഞ ഗാലറിയായിരുന്നു കളിക്കാരെ വരവേൽക്കാനുണ്ടായിരുന്നത്.
പ്രാദേശിക നേതാക്കൾ പൊലീസ് എതിർപ്പിനിടയിലും വോട്ട് രേഖപ്പെടുത്തി. സ്പാനിഷ് അധികൃതർ നിയമവിരുദ്ധമായ വഴികളിലൂടെ ഹിതപരിശോധന അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കാൾസ് പഗ്ഡമൻഡ് ആരോപിച്ചു. പോളിങ് സ്റ്റേഷനുകളിലെ ഇൻറർനെറ്റ് സർവിസ് റദ്ദാക്കിയതിനാൽ േവാട്ടർമാരുടെ എണ്ണമെടുക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് വളൻറിയർമാർ അറിയിച്ചു. സാേങ്കതിക തകരാറുകളാൽ പലയിടങ്ങളിലും പോളിങ് തടസ്സപ്പെെട്ടങ്കിലും പിന്നീട് പുനരാരംഭിച്ചു.
എന്നാൽ, അക്രമങ്ങൾ വകവെക്കാതെ ജനങ്ങൾ പോളിങ് ബൂത്തുകൾക്കു മുന്നിൽ ക്യൂനിന്നു. ഇൻറർനെറ്റ് തടസ്സപ്പെട്ടതിനാൽ പേപ്പറിലാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. ഇൻറർനെറ്റ് കണക്ഷൻ റദ്ദാക്കിയതിനെതിരെ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ പ്രതിഷേധിച്ചു.
സ്പെയിൻ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഹിതപരിശോധനക്ക് 50 ലക്ഷം പേരാണ് വിധിയെഴുതുന്നത്. കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമാവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്ന ചോദ്യമാണ് ബാലറ്റ് പേപ്പറിൽ ഉള്ളത്. അനുകൂലിക്കുന്നവർക്ക് അതെയെന്നും അല്ലാത്തവർക്കു വേണ്ടയെന്നും ഹിതം രേഖപ്പെടുത്താം.
സമാധാനപരമായി നടക്കേണ്ട തെരഞ്ഞെടുപ്പ് സംഘർഷഭരിതമാക്കിയതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മരിയാനോ രജോയ് രാജിവെക്കണമെന്ന് മുൻ കാറ്റലൻ പ്രസിഡൻറ് ആർതർ മാസ് ആവശ്യപ്പെട്ടു. ജനവിധി അനുകൂലമായാൽ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു കാറ്റലോണിയൻ സർക്കാറിെൻറ തീരുമാനം.
കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാർലമെൻറ് ഹിതപരിശോധനക്ക് അംഗീകാരം നൽകിയത്. പിറ്റേന്നു സ്പാനിഷ് ഭരണഘടനകോടതി ഹിതപരിശോധന നടത്തുന്നതു വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.